ന്യൂഡല്‍ഹി:കടുകട്ടിയും അപൂർവമായി മാത്രം ഉപയോഗിക്കുന്നതുമായ ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിക്കുന്നയാളാണ് ശശി തരൂർ. സമൂഹ മാധ്യമങ്ങളിലൂടെയാണ് തന്‍റെ ഇംഗ്ലീഷ് ഭാഷ നൈപുണ്യം തരൂർ പൊതുവെ പ്രകടിപ്പിക്കാറുള്ളത്. ട്വിറ്ററിലൂടെ തരൂര്‍ പരിചയപ്പെടുത്തിയ പുതിയ വാക്ക് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
'ഡൂംസ്ക്രോളിങ്' എന്ന വാക്കാണ് തരൂർ ട്വിറ്ററില്‍ പങ്കുവച്ചത്. കാലഘട്ടത്തിന്‍റെ വാക്ക് എന്ന് വിശേഷിപ്പിച്ചാണ് തരൂർ പുതിയ ഇംഗ്ലീഷ് വാക്ക് പരിചയപ്പെടുത്തുന്നത്. മോശം വാർത്തകള്‍ തേടി കണ്ടെത്തി വായിക്കുന്നത് എന്നതാണ് ഡൂംസ്‌ക്രോളിങിന്‍റെ അര്‍ഥമെന്നും തരൂര്‍ ട്വീറ്റില്‍ വിശദീകരിക്കുന്നുണ്ട്.
'കാലഘട്ടത്തിന്‍റെ വാക്ക്! ഡൂംസര്‍ഫിങിനൊപ്പം ഈ വാക്കിന്‍റെയും വർധിച്ചുവരുന്ന ഉപയോഗത്തെ നിരീക്ഷിക്കുകയാണെന്നാണ് മെറിയം വെബ്‌സ്റ്റർ നിഘണ്ടു പറയുന്നത്. നെഗറ്റീവ് വാർത്തകള്‍ രാഷ്‌ട്രീയമായി മാത്രമല്ല മാനസികമായും ദോഷഫലങ്ങള്‍ സൃഷ്‌ടിക്കും, ' തരൂർ ട്വിറ്ററില്‍ കുറിച്ചു. 'ഡൂംസ്‌ക്രോളിങ്' എന്ന വാക്കിന്‍റെ അര്‍ഥവും ഉച്ചാരണവുമടങ്ങിയ ചിത്രവും തരൂർ ട്വിറ്ററില്‍ പങ്കുവച്ചു.
കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകള്‍: ഈയിടെ റെയില്‍വേയെ പരിഹസിച്ചുകൊണ്ട് തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ച 'ക്വൊമെഡോകൊൺക്വിസ്' എന്ന വാക്ക് ശ്രദ്ധ നേടിയിരുന്നു. ഏത് വിധേനെയും പണം സമ്പാദിക്കുക എന്നതാണ് 'ക്വൊമെഡോകൊൺക്വിസ്' എന്ന വാക്കിന്‍റെ അര്‍ഥം. 'സീനിയര്‍സിറ്റിസണ്‍സ്‌കണ്‍സഷന്‍സ്' എന്ന ഹാഷ്‌ടാഗോടെ റെയില്‍വേയെ ടാഗ് ചെയ്‌ത് കൊണ്ടായിരുന്നു ട്വീറ്റ്.
2020ല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 60 വയസിന് മുകളിലുള്ളവർക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനുള്ള ഇളവ് റെയില്‍വേ ഒഴിവാക്കിയിരുന്നു. കൊവിഡ് സാഹചര്യം മെച്ചപ്പെട്ടെങ്കിലും ഇത് പുനഃസ്ഥാപിക്കാത്തതിനെ തുടര്‍ന്നാണ് കടിച്ചാല്‍ പൊട്ടാത്ത പദ പ്രയോഗവുമായി ശശി തരൂര്‍ എത്തിയത്. ഇതിന് മുന്‍പ് 'ക്വോക്കർവോഡ്‌ജർ' എന്ന വാക്കും ശശി തരൂർ നെറ്റിസണ്‍സിന് പരിചയപ്പെടുത്തിയിരുന്നു.
തടിപ്പാവ എന്നാണ് ഈ വാക്കിനര്‍ഥമെന്നും അവരവരുടെ മണ്ഡലത്തെ യഥാർഥത്തില്‍ പ്രതിനിധീകരിക്കുന്നതിന് പകരം സ്വാധീനമുള്ള ഒരു മൂന്നാം കക്ഷിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയക്കാരെയാണ് 'ക്വോക്കർവോഡ്‌ജർ' എന്ന് പറയുന്നതെന്നുമാണ് തരൂര്‍ നല്‍കിയ വിശദീകരണം. 'അലോഡോക്‌സോഫോബിയ', 'ഫ്ലോസിനോസിനിഹിലിപിലിഫിക്കേഷൻ', 'ഫരാഗോ', 'ട്രോഗ്ലോഡൈറ്റ്' തുടങ്ങി ഉച്ചരിക്കാന്‍ ബുദ്ധിമുട്ടേറിയ ഇംഗ്ലീഷ് വാക്കുകള്‍ തരൂര്‍ നേരത്തെ പ്രയോഗിച്ചിട്ടുണ്ട്.
Also read: 'ക്വൊമെഡോകൊൺക്വിസ്' ; ശശിതരൂരിന്‍റെ പുതിയ വാക്കും ഹിറ്റ്, ഇക്കുറി റെയില്‍വേയെ പരിഹസിക്കാൻ