ലഖ്‌നൗ :രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായിപല തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഏറെ കൗതുകം നിറഞ്ഞൊരു സംഭവമാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവരുന്നത്. ആഗ്രയില്‍ രണ്ട് കഴുതകളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി രണ്ടുപേര്‍ തമ്മില്‍ തര്‍ക്കം.
തന്‍റെ കഴുതകളെ മറ്റൊരാള്‍ മോഷ്‌ടിച്ചെന്ന് ഒരു കര്‍ഷകന്‍. എന്നാല്‍ താന്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയതാണെന്ന് മറ്റേയാളും. ഇതോടെ വിഷയം പൊലീസ് സ്റ്റേഷനിലേക്ക് നീണ്ടു. മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനില്‍ അരങ്ങേറിയ നാടകങ്ങള്‍ക്കൊടുവില്‍ ഇരുവര്‍ക്കും കഴുതകളെ വീതം വച്ചുനല്‍കി പൊലീസ് ( Pinahat Police Station Donkey Case).
സംഭവം ഇങ്ങനെ :ആഗ്രയിലെ പിനഹത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തരി എന്ന സ്ഥലത്ത് ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് (ഒക്‌ടോബര്‍ 14) സംഭവം. ഏതാനും മാസങ്ങള്‍ മുമ്പാണ് പ്രദേശവാസിയായ മഹേന്ദ്ര സിങ് എന്ന കര്‍ഷകന്‍റെ കഴുതകള്‍ മോഷണം പോയത്. വയലില്‍ മേയാന്‍ വിട്ട കഴുതകളെ കാണാതാവുകയായിരുന്നു (Donkey Theft Case In Agra).
സംഭവത്തിന് പിന്നാലെ മഹേന്ദ്ര സിങ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കഴുതകളെ കണ്ടെത്താനായില്ല. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും കഴുതകളെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് മഹേന്ദ്ര സിങ് മറ്റൊരു കഴുതയെ വാങ്ങാന്‍ തീരുമാനിച്ചു. പുതിയ കഴുതയെ വാങ്ങാനായി മഹേന്ദ്ര സിങ് പരിസര പ്രദേശങ്ങളിലെല്ലാം അന്വേഷിച്ച് നടന്നു (Donkey Theft Case).
ഇതിനിടെ തന്‍റെ മോഷണം പോയ കഴുതകളെ മഹേന്ദ്ര സിങ് കണ്ടെത്തി. ഫിറോസാബാദിലെ രാംനഗര്‍ സ്വദേശിയായ അമര്‍ സിങ് എന്നയാളുടെ വീട്ടിലാണ് കഴുതകളെ കണ്ടത്. ഇതോടെ മഹേന്ദ്ര സിങ് ഈ കഴുതകള്‍ തന്‍റേതാണെന്ന് അറിയിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മഹേന്ദ്ര സിങ് പൊലീസ് സ്റ്റേഷനിലെത്തി ഇക്കാര്യം അറിയിക്കുകയും അമര്‍ സിങ് തന്‍റെ കഴുതകളെ മോഷ്‌ടിച്ചെന്ന് ആരോപിച്ച് പരാതി നല്‍കുകയും ചെയ്‌തു.
പിന്നാലെ മഹേന്ദ്ര സിങ്ങിനൊപ്പം പിനഹത്ത് പൊലീസ് അമര്‍ സിങ്ങിന്‍റെ വീട്ടിലെത്തി. ഇരു കഴുതകളെയും വാഹനത്തില്‍ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇതോടെ അമര്‍ സിങ്ങും കുടുംബവും സ്റ്റേഷനിലെത്തി. രണ്ട് കഴുതകളെയും താന്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയതാണെന്ന് അമര്‍ സിങ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഏത് മാര്‍ക്കറ്റില്‍ നിന്നാണ് കഴുതകളെ വാങ്ങിയതെന്ന് ചോദിച്ചപ്പോള്‍ അമര്‍ സിങ്ങിന് കൃത്യമായി മറുപടി നല്‍കാനായില്ല.
also read:Cardamom Theft Case In Idukki: പട്ടാപ്പകൽ കടയിൽ നിന്നും ഏലയ്‌ക്ക മോഷ്‌ടിച്ചു; തൊട്ടടുത്ത കടയിൽ വിൽപ്പന നടത്തിയത് 27,000 രൂപയ്‌ക്ക്, പ്രതി പിടിയിൽ
അതേസമയം കഴുതകളെ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് മഹേന്ദ്ര സിങ്ങും അദ്ദേഹത്തിന്‍റെ കുടുംബവും ബഹളംവച്ചു. മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനില്‍ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. സംഭവത്തിന് പിന്നാലെ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് നീരജ് പവാര്‍ ഇരുപക്ഷത്തുള്ളവരെയും കൂട്ടി ഒരു ചര്‍ച്ച നടത്തി. മണിക്കൂറുകളോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇരുകൂട്ടരും ഓരോ കഴുതയെ വീതം എടുക്കാന്‍ തീരുമാനമായി.