ബെംഗളൂരു : കർണാടകയിലെ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാനുള്ള ചർച്ചകൾ ഇന്നും തുടരും. സിദ്ധരാമയ്യ, ഡികെ ശിവകുമാർ എന്നി നേതാക്കൾ ഇന്ന് ഡൽഹിയിലെത്തി ഖാർഗെയുമായി കൂടിക്കാഴ്‌ച നടത്തും. ഇരുവരും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും പ്രത്യേകം കൂടിക്കാഴ്‌ച നടത്തിയേക്കും.
പ്രധാന നേതാക്കളായ രണ്ട് പേരിൽ നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് പാർട്ടിക്ക് കൂടുതൽ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ചർച്ച ചെയ്യാനായി രാഹുൽ ഗാന്ധി മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തും. ഖാർഗെയുടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്‌ച.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പാർട്ടി വക്താവ് രൺദീപ് സുർജേവാലയും ഉൾപ്പെടെയുള്ള നിരീക്ഷകർ കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടിയിൽ (നിയമസഭ കക്ഷി) (സിഎൽപി) നിന്നുള്ള നിയമസഭാംഗങ്ങളുടെ അഭിപ്രായങ്ങൾ അവതരിപ്പിച്ചേക്കും.
ഒറ്റവരി പ്രമേയം ഏകകണ്‌ഠേന പാസാക്കി സിഎൽപി : മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടുകൊണ്ട് കര്‍ണാടകയിലെ കോൺഗ്രസ് എംഎല്‍എമാര്‍ ഏകകണ്‌ഠേന പ്രമേയം പാസാക്കി. കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടിയുടെ പുതിയ നേതാവിനെ നിയമിക്കാൻ എഐസിസി പ്രസിഡന്‍റിന് അധികാരമുണ്ടെന്ന് സിഎല്‍പി ഏകകണ്‌ഠമായി തീരുമാനിക്കുന്നു എന്നാണ് പ്രമേയത്തില്‍ രേഖപ്പെടുത്തിയിരുന്നത്. ബെംഗളൂരുവിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ച് നടത്തിയ സിഎൽപി യോഗത്തിലാണ് ഒറ്റവരി പ്രമേയം ഏകകണ്‌ഠേന പാസാക്കിയത്.
എഐസിസി ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെ സി വേണുഗോപാലും മൂന്ന് കേന്ദ്ര നിരീക്ഷകരും പങ്കെടുത്ത യോഗത്തിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഡി കെ ശിവകുമാർ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ, പാർട്ടി നേതാക്കളായ ജിതേന്ദ്ര സിങ്, ദീപക് ബാബരിയ എന്നിവരാണ് യോഗത്തിൽ നിരീക്ഷകരായി പങ്കെടുത്തത്. നിരീക്ഷകർ എല്ലാ എംഎൽഎമാരെയും വ്യക്തിപരമായ ചർച്ച നടത്തി അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
Also read :'അധികം സമയമെടുക്കില്ല...' കർണാടക മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് രൺദീപ് സിങ് സുർജേവാല
ആശയക്കുഴപ്പം, കർണാടക മുഖ്യൻ ആര്? മെയ് 10നായിരുന്നു കർണാടകയിലെ വിധി എഴുത്ത്. മെയ് 13ന് ഫലം പുറത്തുവന്നു. 224 ൽ 135 സീറ്റ് നേടിയായിരുന്നു കർണാടകയിലെ കോൺഗ്രസിന്‍റെ വിജയം. ബിജെപിക്ക് 66 സീറ്റും ജെഡിഎസിന് 19 സീറ്റ് കൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. 1999 ന് ശേഷമുള്ള കർണാടകയിലെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് വിജയമായിരുന്നു കോൺഗ്രസിന്‍റേത്.
പിന്നീടുള്ള ചർച്ചകൾ മുഖ്യമന്ത്രി ആര് എന്ന വിഷയത്തിലായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെയും കെപിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാറിന്‍റെയും പേരുകളായിരുന്നു ആദ്യം മുതൽ തന്നെ ഉയർന്നുകേട്ടത്. ഇരുവരും പലതവണ മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം തുറന്നുപറഞ്ഞതാണ്.
More read :സിദ്ധരാമയ്യയോ ശിവകുമാറോ ? ; ആരാകും കര്‍ണാടക മുഖ്യന്‍ ?, പന്ത് ഹൈക്കമാന്‍ഡിന്‍റെ കോര്‍ട്ടില്‍