ന്യൂഡല്‍ഹി: അനുച്ഛേദം 142 പ്രകാരം സുപ്രീം കോടതിക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ദമ്പതികളില്‍ ഒരാള്‍ക്ക് സമ്മതമില്ലാത്ത സാഹചര്യത്തില്‍ വിവാഹമോചനം അനുവദിക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗളിന്‍റെയും അബയി എസ് ഓകയും അടങ്ങിയ ബെഞ്ചിന്‍റെതാണ് പരാമര്‍ശം. വിവാഹം കഴിഞ്ഞ് 40 ദിവസം മാത്രമാണ് കൂടെ താമസിച്ചതെന്നും രണ്ട് വര്‍ഷത്തോളം പിരിഞ്ഞാണ് ഇരുവരും താമസിക്കുന്നതെന്നും ഭര്‍ത്താവിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ബന്ധം പുനഃസ്ഥാപിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും ഭര്‍ത്താവിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.
വിവാഹം ലാഘവത്തോടെ കാണേണ്ട കാര്യമല്ലെന്ന് ബെഞ്ച് പ്രതികരിച്ചു. പാശ്ചാത്യ രാജ്യങ്ങളില്‍ നടക്കുന്നത് പോലെ ഇന്ന് കല്യാണം നാളെ വിവാഹ മോചനം എന്ന സ്ഥിതിയില്‍ നമ്മുടെ രാജ്യം എത്തിയിട്ടില്ലെന്ന് കോടതി പരാമര്‍ശിച്ചു. ദമ്പതികള്‍ വിദ്യാസമ്പന്നരാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുവരും ശ്രമിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. വിവാഹം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള ഭാര്യയുടെ ട്രാന്‍സ്‌ഫര്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.