തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ക്യാപ്റ്റൻ മില്ലർ' (Dhanush's upcoming film Captain Miller). സിനിമയുടെ റിലീസ് 2024ലേക്ക് നീട്ടിവച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു (Captain Miller Release). സത്യജ്യോതി ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം അടുത്ത പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ എത്തുമെന്നും നിര്‍മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു (Captain Miller on Pongal Release).
സത്യജ്യോതി ഫിലിംസ് തങ്ങളുടെ ഇൻസ്‌റ്റഗ്രാം ഹാൻഡിലിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. 'ക്യാപ്റ്റൻ മില്ലറു'ടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിലെ ധനുഷിന്‍റെ അതിശയകരമായ ഒരു പോസ്‌റ്ററും നിർമാതാക്കള്‍ പങ്കുവച്ചു. 'ഞങ്ങളുടെ ക്യാപ്റ്റൻ മില്ലര്‍' 2024ലെ പൊങ്കൽ / സംക്രാന്തിക്ക് ഗംഭീരമായ റിലീസിന് ഒരുങ്ങുന്നു' - നിര്‍മാതാക്കള്‍ കുറിച്ചു.
Also Read:ധനുഷിന്‍റെ 'ഡി50'ക്ക് തുടക്കമായി ; ഗ്യാങ്‌സ്റ്റര്‍ ഡ്രാമയില്‍ സുന്ദീപ് കിഷനും എസ് ജെ സൂര്യയും
നേരത്തെ, 'ക്യാപ്റ്റൻ മില്ലർ' ഡിസംബർ 15ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ധനുഷിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം അവധിക്കാലം ആഘോഷമാക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍മാതാക്കള്‍ പുതിയ റിലീസ് തീയതി തീരുമാനിച്ചത്.
അടുത്തിടെ ഒരു തമിഴ് മാസികയുടെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ട 'ക്യാപ്റ്റൻ മില്ലര്‍' സ്‌റ്റില്ലുകളില്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പതിഞ്ഞിരുന്നു. ഈ സ്‌റ്റില്ലുകളില്‍ ശത്രുക്കളുമായുള്ള യുദ്ധത്തിൽ ഏർപ്പെടുന്ന ധനുഷിനെയാണ് കാണാനാവുക. അതില്‍ ഒരു ചിത്രത്തിൽ ബൈക്ക് ഓടിക്കുന്ന താരത്തെയും കാണാം.