ലഖ്‌നൗ: അക്രമാസക്തരായ ആള്‍ക്കൂട്ടത്തെ നേരിടാൻ പ്ലാസ്റ്റിക് സ്റ്റൂളും ബാസ്ക്കറ്റുമായി യുപി പൊലീസ്. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് ഡിജിപി ഉന്നാവോ എസ്‌പിയോട് വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
നാണക്കേടിന് നടപടി
അക്രമം നേരിടേണ്ടിവരുമ്പോള്‍ ഉപയോഗിക്കേണ്ട സുരക്ഷ ഉപകരണങ്ങളടക്കം നല്‍കാത്തതിന്‍റെ പേരിലായിരുന്നു യുപി പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. സംഭവം പൊലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയതോടെയാണ് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. സുരക്ഷ ഉപകരണങ്ങള്‍ ജില്ലകളിലും വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഉന്നാവില്‍ അക്രമം നടക്കുമെന്ന രഹസ്യ വിവരം ലഭിച്ചിട്ടും മുന്നൊരുക്കം ഇല്ലാതെയാണ് പലീസ് സംഭവ സ്ഥലത്തെത്തിയത്.
ഉന്നാവോ ജില്ലയിലെ ഒരു ഗ്രാമത്തില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ശവസംസ്‌കാരം നടത്താന്‍ പോയ ബന്ധുക്കള്‍ മൃതദേഹങ്ങളുമായി അപകടം നടന്ന സ്ഥലത്തെത്തി പ്രതിഷേധിച്ചു. പൊലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ അനുനയിപ്പിച്ച് പിരിച്ചുവിടാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് ജനക്കൂട്ടം അക്രമാസക്തരായത്. ഭീം ആര്‍മി പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.