ഡല്‍ഹി കലാപം: ഉമർ ഖാലിദിന്‍റെ കസ്റ്റഡി കാലാവധി 14 ദിവസം നീട്ടി
വടക്കുകിഴക്കൻ ഡല്‍ഹി കലാപക്കേസിൽ ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്‍റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.
ന്യൂഡല്‍ഹി: വടക്കുകിഴക്കൻ ഡല്‍ഹി കലാപക്കേസിൽ ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്‍റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. കൂടുതൽ റിമാൻഡ് ആവശ്യപ്പെട്ട് പൊലീസിന്‍റെ അപേക്ഷയെ എതിർക്കാൻ അവസരം നിഷേധിച്ചുകൊണ്ട് ഡല്‍ഹി കോടതി ബുധനാഴ്ച ജുഡീഷ്യൽ കസ്റ്റഡി നീട്ടി. കൂടുതൽ കസ്റ്റഡി ആവശ്യമില്ലെന്ന് പ്രതിക്ക് അഭിപ്രായമുണ്ടെങ്കിൽ ജാമ്യാപേക്ഷ നൽകാമെന്നും കസ്റ്റഡി നീട്ടുന്നതിന് മതിയായ കാരണങ്ങളുണ്ടെന്നും ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ദിനേശ് കുമാർ പറഞ്ഞു. തുടര്‍ന്ന് കസ്റ്റഡി കാലാവധി ഡിസംബര്‍ 16 വരെ നീട്ടുകയും ചെയ്തു. കലാപവുമായി ബന്ധപ്പെട്ട കേസിൽ ഒക്ടോബർ ഒന്നിനാണ് ഖാലിദിനെ അറസ്റ്റ് ചെയ്തത്. കലാപത്തിൽ വലിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട പ്രത്യേക കേസിലും സെപ്റ്റംബറിൽ ഉമറിനെ അറസ്റ്റ് ചെയ്തിരുന്നു.