ന്യൂഡൽഹി: ദേശീയ തലസ്ഥാനം വെള്ളിയാഴ്‌ച 7.5 ഡിഗ്രി സെൽഷ്യസ് തണുപ്പ് രേഖപ്പെടുത്തി. 14 വർഷത്തിനിടയിൽ നവംബർ മാസത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ താപനിലയാണിതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. സാധാരണയിൽ നിന്നും അഞ്ച് പോയന്‍റ് താഴ്ന്ന് ഏറ്റവും കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസിലെത്തിയതിനാൽ നഗരത്തിൽ ശീതതരംഗം രൂപപ്പെട്ടിട്ടുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസിയായ സ്കൈമെറ്റ് വെതറിലെ വിദഗ്‌ധൻ മഹേഷ് പാലാവത്ത് പറയുന്നു.
ഡൽഹിയിൽ 14 വർഷത്തിനിടയിലെ ഏറ്റവും തണുത്ത നവംബർ പുലരി രേഖപ്പെടുത്തി
1938 നവംബർ 28നായിരുന്നു ഇതിനു മുൻപ് ഡൽഹിയിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരുന്നത്. 3.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അന്നത്തെ താപനില
സമതലങ്ങളിൽ, കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസോ അതിൽ കുറവോ ആയിരിക്കുമ്പോൾ അല്ലെങ്കിൽ തുടർച്ചയായി രണ്ട് ദിവസത്തേക്ക് താപനില സാധാരണയേക്കാൾ 4.5 പോയന്‍റ് കുറയുകയോ ചെയ്യുമ്പോൾ ഐഎംഡി ശീതതരംഗം പ്രഖ്യാപിക്കും. കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 14 വർഷമായി നവംബർ മാസത്തിലെ ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 7.4 ഡിഗ്രി സെൽഷ്യസാണ്. ദേശീയ തലസ്ഥാനത്ത് കഴിഞ്ഞ വർഷം നവംബർ മാസത്തിൽ ഏറ്റവും കുറഞ്ഞ താപനില 11.5 ഡിഗ്രി സെൽഷ്യസും 2018 ൽ 10.5 ഡിഗ്രി സെൽഷ്യസും 2017 ൽ 7.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിരുന്നു. ഡൽഹിയിൽ 1938 നവംബർ 28 ന് രേഖപ്പെടുത്തിയ 3.9 ഡിഗ്രി സെൽഷ്യസാണ് നവംബറിലെ ഏറ്റവും കുറഞ്ഞ താപനിലയിലെ എക്കാലത്തെയും റെക്കോഡ്.
പടിഞ്ഞാറൻ ഹിമാലയത്തിൽ നിന്ന് വീശുന്ന തണുത്ത കാറ്റുകാരണമാണ് തണുപ്പ് കൂടാൻ കാരണമെന്നും ശനിയാഴ്‌ച വരെ സമാനമായ കാലാവസ്ഥ തുടരുമെന്നും പാലാവത്ത് പറഞ്ഞു. നവംബർ 16 ന് ഒഴികെ ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ താപനില ക്ലൗഡ് കവറിന്‍റെ അഭാവത്തിൽ സാധാരണയിൽനിന്നും 2-3 ഡിഗ്രി സെൽഷ്യസ് താഴെ തുടരുകയാണെന്നും ഐഎംഡി അധികൃതർ വ്യക്തമാക്കി.