ന്യൂഡല്‍ഹി:റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ചെങ്കോട്ടയില്‍ അതിക്രമിച്ച് കയറിയ ജസ്‌പ്രീത് സിങ്ങിനെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. ഇരുപത്തൊമ്പതുകാരനായ ജസ്‌പ്രീത് ഡല്‍ഹി സ്വരൂപ് നഗര്‍ സ്വദേശിയാണ്.
ചെങ്കോട്ട സംഘര്‍ഷം; ഒരാള്‍ കൂടി അറസ്റ്റില്‍ - redfort violence
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്‌ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ അതിക്രമിച്ച് കയറിയ ജസ്‌പ്രീത് സിങ്ങിനെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തത്
സ്വരൂപ് നഗറിലെ ജസ്‌പ്രീത് സിങ്ങിന്‍റെ വീട്ടില്‍ നിന്നും രണ്ട് വാളുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ മൊബൈലില്‍ നിന്നും ചെങ്കോട്ടയില്‍ ജനുവരി 26ന് വാള്‍ വീശുന്ന വീഡിയോയും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ഫെബ്രുവരി ഒമ്പതിന് പഞ്ചാബി നടനായ ദീപ് സിദ്ധുവിനെ അറസ്റ്റ് ചെയ്‌തിരുന്നു. ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട് ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങളില്‍ ഉള്‍പ്പെട്ട മനീന്ദര്‍ സിങ്ങിനെയും ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്‌തിരുന്നു.
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്‌ടര്‍ റാലിക്കിടെ നിരവധി ആക്രമണ സംഭവങ്ങളാണ് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നടന്നത്. പലയിടത്തും പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം നടന്നു. ചെങ്കോട്ടയിലും പ്രതിഷേധക്കാര്‍ അതിക്രമിച്ച് കടന്നിരുന്നു. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 2020 നവംബര്‍ 26 മുതല്‍ ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്.