ന്യൂഡൽഹി:ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര സര്‍ക്കാരിന്‍റെ ഓർഡിനൻസിനെതിരെ രൂക്ഷവിമര്‍ശനവുമായി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി ഒരു തുടക്കം മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളും ഓർഡിനൻസ് ആക്രമണത്തെ നേരിടേണ്ടിവരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
രാംലീല മൈതാനിയിൽ നടന്ന മഹാറാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് കെജ്‌രിവാള്‍ ഇക്കാര്യം പറഞ്ഞത്. ഡല്‍ഹി സര്‍ക്കാരില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണം സംസ്ഥാന ഭരണകൂടത്തിനാണെന്ന് സുപ്രീം കോടതി നേരത്തേ വിധിച്ചിരുന്നു. ഇത് സംബന്ധിച്ച വിധിയ്‌ക്കെതിരായാണ് കേന്ദ്ര സർക്കാരിന്‍റെ ഓർഡിനൻസ്. കേന്ദ്ര നീക്കത്തിനെതിരായി പിന്തുണ തേടിയാണ് ആം ആദ്‌മി പാർട്ടി ഇന്ന് ഡല്‍ഹിയില്‍ റാലി സംഘടിപ്പിച്ചത്.
'ഡല്‍ഹിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ദിനചര്യ':പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ആക്രമണമാണിതെന്ന് എഎപി ദേശീയ കൺവീനർ കൂടിയായ കെജ്‌രിവാൾ റാലിയില്‍ ആരോപിച്ചു. 'എനിക്ക് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ആക്രമണമാണ്. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ഓർഡിനൻസ് കൊണ്ടുവരും.' - കെജ്‌രിവാൾ ആരോപിച്ചു.
'പ്രധാനമന്ത്രിക്ക് രാജ്യത്തെ നന്നായി കൊണ്ടുനടക്കാന്‍ കഴിയില്ല. അദ്ദേഹം എല്ലാ ദിവസവും ഉറക്കം എഴുന്നേറ്റ് ഡൽഹിയിൽ നടക്കുന്ന പ്രവൃത്തികള്‍ നിർത്തിവയ്‌ക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. കേന്ദ്രത്തിന്‍റെ ഓർഡിനൻസ് രാജ്യതലസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുന്നതാണ്.' - കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബലും റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു.