ഡല്‍ഹി:ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ 250 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് അവസാനിച്ചു. പൊതുവെ സമാധാനപരമായിരുന്ന തെരഞ്ഞെടുപ്പില്‍ 50 ശതമാനം മാത്രമാണ് പോളിങ് നടന്നത്. പോളിങ് ശതമാനം വര്‍ധിപ്പിക്കാനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ നടപടികളും പ്രചാരണങ്ങളും ഇതോടെ ഫലം കാണാതെ പോയി.
തലസ്ഥാന നഗരിക്ക് 'ഉത്സാഹക്കുറവ്'; ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ തെരഞ്ഞെടുപ്പ് അവസാനിച്ചു, 50 ശതമാനം മാത്രം പോളിങ് - വാർഡുകളിലേക്ക്
ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ 250 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 50 ശതമാനം മാത്രം പോളിങ്, കഴിഞ്ഞ തവണത്തെക്കാള്‍ കുറവ്
വൈകുന്നേരം അഞ്ച് മണിക്ക് അവസാനിച്ച തെരഞ്ഞെടുപ്പില്‍ 50 ശതമാനം പേര്‍ മാത്രമാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. ഇത് മുന്‍കാല തെരഞ്ഞെടുപ്പിലും താഴെയാണ്. ഇതോടെ ഓരോ തവണയും ഡൽഹിയിലെ എംസിഡി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമ്മതിദാനം വിനിയോഗിക്കാൻ ജനങ്ങൾക്കിടയിൽ ഉത്സാഹം കുറയുന്നുവെന്നാണ് തെളിയുന്നത്. ഇതിന്‍റെ ഫലം വിജയശതമാനത്തിലും പ്രകടമാകുമെന്ന് വ്യക്തമാണെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഏറെ പ്രതീക്ഷയിലാണ്.
അതേസമയം പോളിങ് നടന്ന ബൂത്തുകളില്‍ നിന്നുള്ള വോട്ടര്‍മാരുടെ വിവരങ്ങള്‍ പോളിങ് അവസാനിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ അയയ്‌ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രാത്രി 7.28 ഓടെ തെരഞ്ഞെടുപ്പ് ശതമാനം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടത്.