ന്യൂഡല്‍ഹി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അറസ്‌റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രിയും എഎപി നേതാവുമായ സത്യേന്ദര്‍ ജെയിന് തിഹാര്‍ ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. സത്യേന്ദർ ജെയിനിന്‍റെ ജയിലിലെ ആഢംബര ജീവിതവുമായി ബന്ധപ്പെട്ട തെളിവുകൾ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു.
എഎപി മന്ത്രി സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ വിഐപി പരിഗണന: മസാജ് ചെയ്യിക്കുന്ന ദൃശ്യങ്ങൾ പുറത്ത് - സത്യേന്ദർ ജെയിന് മസാജ്
സത്യേന്ദർ ജെയിന് ദേഹത്തും തലയിലും മസാജ് ചെയ്‌ത് നൽകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സത്യേന്ദര്‍ ജെയിന് വിഐപി പരിഗണന നല്‍കിയതിനെ തുടര്‍ന്ന് തിഹാര്‍ ജയില്‍ സൂപ്രണ്ട് അജിത് കുമാറിനെ അടുത്തിടെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിനുള്ളിലെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. എന്നാൽ പുറത്ത് വന്ന ദൃശ്യങ്ങളെക്കുറിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍ പ്രതികരിക്കാൻ തയാറായിട്ടില്ല.
ഇഡി കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങളെ തള്ളി ആംആദ്‌മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് സത്യേന്ദര്‍ ജെയിനെതിരെ ഉന്നയിക്കുന്നതെന്നാണ് കെജ്‌രിവാള്‍ അടക്കമുള്ളവര്‍ പറഞ്ഞത്. 2015-16 കാലത്ത് സത്യേന്ദ്ര ജെയിനിന്‍റെ കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. 2022 മെയ് 30 നാണ് കേസിൽ സത്യേന്ദര്‍ ജയിനെ അറസ്‌റ്റ് ചെയ്‌തത്.