ന്യൂഡൽഹി: ഡൽഹി രോഹിണി കോടതി വളപ്പിൽ ഗുണ്ടാസംഘങ്ങളും പൊലീസും തമ്മിലുണ്ടായ വെടിവയ്പ്പിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്തെ ജയിലുകളില്‍ സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍. തിഹാർ, മണ്ഡോളി, രോഹിണി എന്നിവയുൾപ്പെടെ ഡൽഹിയിലെ മുഴുവന്‍ ജയിലുകളും അതീവ ജാഗ്രതയിലാണെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റിമാൻഡ് കാലാവധി നീട്ടുന്നതിനായി കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്‍റെ തലവനായ ഗോഗിയെന്ന ജിതേന്ദ്രയെ കോടതിയിൽ കൊണ്ടുവന്നപ്പോൾ എതിർ ഗുണ്ടാസംഘത്തിലെ അംഗങ്ങൾ വെടിയുതിർക്കുകയായിരുന്നു.
ഗോഗി തിഹാറിലും അദ്ദേഹത്തിന്‍റെ എതിരാളി ടില്ലുവിനെ മണ്ഡോളി ജയിലിലുമാണ് പാര്‍പ്പിച്ചത്. ഈ ജയിലുകളിൽ പ്രത്യേക സുരക്ഷയാണ് ഒരുക്കിയത്. രണ്ട് സംഘങ്ങളിലെയും അക്രമികള്‍ രോഹിണി ജയിലിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ALSO READ:ഡല്‍ഹി കോടതിയില്‍ വെടി വയ്പ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
ദീർഘകാലമായി ഉണ്ടായിരുന്ന വിരോധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ സാക്ഷ്യം വഹിച്ച രോഹിണി കോടതി ജഡ്‌ജിയെ രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവയ്പ്പിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.