ന്യൂഡൽഹി: കൊവിഡ് വാക്‌സിന്‍റെ രണ്ടാം ഡോസ് കൃത്യമായ സമയ പരിധിക്കുള്ളിൽ ഉറപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതി. രാജീവ് പരാശർ എന്നയാൾ നൽകിയ ഹർജിയിലാണ് നടപടി. കേസ് പരിഗണിച്ച ജസ്റ്റിസ് രേഖ പല്ലി വിഷയത്തിൽ മറുപടി ആരാഞ്ഞാണ് കേന്ദ്രത്തിനും ഡൽഹി സർക്കാരിനും നോട്ടിസ് അയച്ചത്. അഭിഭാഷകരായ അമൃഷ് കുമാർ ത്യാഗി, ദീപക് പരാശർ, ഹിമാൻഷു ശുക്ല, പ്രഖർ സിംഗ് എന്നിവർ ഹർജിക്കാരന് വേണ്ടി ഹാജരായി.
Also Read:കൊവിഡ് : മധ്യപ്രദേശിൽ 12-ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി
18 വയസിന് മുകളിലുള്ളവർക്ക് കൊവാക്‌സിന്‍റെ രണ്ടാം ഡോസ് വിതരണം ആരംഭിക്കാൻ ഡൽഹി സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. വാക്സിനുകൾ ലഭ്യമല്ലാത്തതിനാൽ 18-44 വയസിന് താഴെയുള്ളവർക്കുള്ള വാക്സിനേഷൻ മെയ് 24 മുതൽ ഡൽഹി സർക്കാർ നിർത്തിവച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് മെയ് 30ന് വിവിധ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിച്ചതെന്നും ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചു.
Also Read:അജിത്തിന്‍റെ വീട്ടില്‍ ബോംബ് വച്ചെന്ന വ്യാജ സന്ദേശം, ഉറവിടം കണ്ടെത്തി പൊലീസ്
കോവിഷീൽഡ് വാക്‌സിന്‍റെ ഒന്നും രണ്ടും ഡോസുകൾ തമ്മിലുള്ള സമയ പരിധി തുടക്കത്തിൽ നാല് മുതൽ ആറ് ആഴ്ച വരെ ആയിരുന്നു. മാർച്ചിൽ ഇത് ആറ് മുതൽ എട്ട് ആഴ്ച വരെയാക്കി. മെയ് 13ന് ഇത് 12-16 ആഴ്ചയായി വർധിപ്പിച്ചു. അതേസമയം കോവാക്സിന്‍റെ രണ്ടാമത്തെ ഡോസിനുള്ള സമയ പരിധിയിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. നാല് മുതൽ ആറ് ആഴ്ചവരെയാണ് കോവാക്സിന്‍റെ രണ്ടാം ഡോസ് എടുക്കുന്നതിനുള്ള സമയ പരിധി.