ന്യൂഡൽഹി :തലസ്ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കാൻ പഴയ ഡീസൽ ബസുകൾക്ക് നിരോധനം (Old Diesel Buses Restricted) ഏർപ്പെടുത്തി ഡൽഹി സർക്കാർ. ഇന്ന് മുതലാണ് ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഡീസൽ ബസുകൾക്ക് സർക്കാർ (Delhi Government) നിയന്ത്രണം ഏർപ്പെടുത്തിയത്. തലസ്ഥാനത്തെ വായുമലിനീകരണത്തിന്‍റെ (Delhi air pollution) പ്രധാന കാരണങ്ങളിലൊന്ന് ഡീസൽ വാഹനങ്ങളിൽ നിന്നുള്ള പുറന്തള്ളുന്ന പുകയാണെന്ന നിരീക്ഷണത്തിലാണ് നടപടി. അതേസമയം, പ്രകൃതിവാതകവും വൈദ്യുതിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസുകൾ ഉപയോഗിച്ചാൽ വായുമലിനീകരണം കുറക്കാനാകും.
ഡൽഹിയിലെ നിയന്ത്രണങ്ങൾ എന്തെല്ലാം ?
- ഹരിയാനയിൽ നിന്ന് ദേശീയ തലസ്ഥാനത്തേക്ക് വരുന്ന എല്ലാ ബസുകളും ഇലക്‌ട്രിക്, സിഎൻജി അല്ലെങ്കിൽ ബിഎസ്-VI ഡീസൽ ഉപയോഗിച്ച് ഓടുന്നവ ആയിരിക്കണം. ഉത്തർപ്രദേശിലെയും രാജസ്ഥാനിലെയും എൻസിആർ മേഖലകളിൽ നിന്ന് വരുന്ന ബസുകൾക്കും ഇത് ബാധകമാണ്.
- അടുത്ത വർഷം ജൂലൈ ഒന്ന് മുതൽ ഹരിയാന, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിലേക്കും നിരോധനം വ്യാപിപ്പിക്കും. ഏത് നഗരത്തിൽ നിന്നും ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന എല്ലാ ബസുകൾക്കും ഈ നിയന്ത്രണം ബാധകമാണ്.
- കമ്മിഷൻ ഓഫ് എയർ ക്വാളിറ്റി മാനേജ്‌മെന്‍റ് നിർദേശപ്രകാരം, ഡീസൽ ബസുകൾ മൂലമുണ്ടാകുന്ന വായു മലിനീകരണം തടയാനും ആത്യന്തികമായി മൊത്തത്തിൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറാനും നടപടി കൊണ്ട് ലക്ഷ്യമിടുന്നു.
- ഹരിയാന, ഉത്തർ പ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്ക് പുറപ്പെടുവിച്ച സർക്കുലറിൽ ഗതാഗത വകുപ്പ് വിശദമായ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം സംസ്ഥാന സർക്കാർ ബസ് സർവീസുകൾക്കും നിയന്ത്രണം ബാധകമാണ്.