ന്യൂഡൽഹി : ഡൽഹി സർക്കാർ ഏർപ്പെടുത്തിയ പടക്ക നിരോധനത്തിൽ (firecracker ban in Delhi) ഇടപെടില്ലെന്ന് സുപ്രീം കോടതി. ശൈത്യകാലത്തെ അന്തരീക്ഷ മലിനീകരണം മുൻനിർത്തി ദീപാവലിക്ക് പടക്ക നിർമാണവും വിൽപ്പനയും ഉപയോഗവും ഡൽഹി സർക്കാർ നിരോധിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌ത് ബിജെപി എംപി മനോജ് തിവാരി (MP Manoj Tiwari) സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
ജസ്റ്റിസ് എ എസ് ബൊപ്പണ്ണ (Justice A S Bopanna), എംഎം സുന്ദ്രേഷ് (Justice M M Sundresh) എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രാദേശികമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ, അതിന് നിരോധനം ഏർപ്പെടുത്തിയാൽ.. അത് നിരോധിച്ചത് തന്നെയാണ്.. ഈ വിഷയത്തിൽ ഇടപെടില്ല എന്നാണ് ഹർജി പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞത് (Delhi Firecracker Ban Supreme Court).
'സമ്പൂർണ നിരോധനം പാടില്ലെന്ന് കോടതി ഉത്തരവ് ഉണ്ടായിട്ടും അത് അവഗണിച്ചാണ് ഡൽഹി സർക്കാർ പടക്ക വിൽപ്പനയ്‌ക്കും ഉപയോഗത്തിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തിയത്. ഹരിത പടക്കങ്ങൾക്കും പൂർണ നിരോധനം ഏൽപ്പെടുത്തി എന്നാണ് തിവാരിയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ ശശാങ്ക് ശേഖർ ഝാ കോടതിയിൽ വാദിച്ചത്'. പടക്ക നിരോധനത്തിൽ ഇടപെടാൻ വിസമ്മതിച്ച ബെഞ്ച്, 'നിങ്ങൾക്ക് പടക്കം പൊട്ടിക്കാൻ തോന്നുന്നുവെങ്കിൽ നിരോധനമില്ലാത്ത ഇടങ്ങളിൽ പോയി അവിടെ പൊട്ടിക്കുക' എന്നാണ് അഭിഭാഷകനോട് സുപ്രീം കോടതി പറഞ്ഞത്.
ഡൽഹിയിൽ പടക്ക നിരോധനം ഏർപ്പെടുത്തിയുള്ള ആം ആദ്‌മി സർക്കാരിന്‍റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനമായിരുന്നു ബിജെപി ഉന്നയിച്ചത്. സർക്കാരിന്‍റെ ഈ തീരുമാനം ജനങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്നും ഒപ്പം സാമ്പത്തിക നഷ്‌ടം ഉണ്ടാക്കും എന്നുമായിരുന്നു ബിജെപി ആരോപിച്ചത്. മലിനീകരണത്തിന് കാരണമാകുന്നവ വിലക്കുകയും അല്ലാത്തവ ഉപയോഗിക്കുന്നതിന് അനുമതി നൽകണമെന്നുമായിരുന്നു ബിജെപിയുടെ ആവശ്യം. എന്തുകൊണ്ട് പടക്ക നിരോധനം ദീപാവലിക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു എന്ന് ബിജെപി നേതാവ് കപിൽ മിശ്രയും ചോദ്യം ഉന്നയിച്ചിരുന്നു.
ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ഡൽഹിയിലെ വായു ഗുണനിലവാരം താഴാറാണ് പതിവ്. ആളുകൾ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതാണ് വായു മലിനീകരണത്തിലേക്ക് നയിക്കുന്നത്. ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നതോടെ ഡൽഹിയിൽ പല പ്രദേശങ്ങളിലും കനത്ത പുക മൂടുന്ന സ്ഥിതിയാണ് സാധാരണ ഉണ്ടാകാറുള്ളത്. ഇത് മൂന്നാം വർഷമാണ് ദീപാവലി ആഘോഷത്തിന് മുന്നോടിയായി ആം ആദ്‌മി സർക്കാർ പടക്കത്തിന് നിരോധനം ഏർപ്പെടുത്തുന്നത്.