ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ ശുഭ സൂചന നല്‍കി ഡല്‍ഹിയിലെ കണക്കുകള്‍. രാജ്യതലസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6.89 ആയി കുറഞ്ഞുവെന്നും നില മെച്ചപ്പെട്ടുവെന്നും ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതാണ് ഡല്‍ഹിയിലെ കൊവിഡ് നിരക്ക് കുറയാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ 28,000 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. എന്നാല്‍ ലോക്ക്ഡൗണിന് ശേഷം 4,000 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. ഡല്‍ഹിയിലെ 27,000 ആശുപത്രി കിടക്കകളില്‍ 13,000 എണ്ണവും, 4500 തീവ്ര പരിചരണ സൗകര്യങ്ങളോട് കൂടിയ കിടക്കകളില്‍ 1200 എണ്ണവും ഒഴിഞ്ഞ് കിടക്കുകയാണ്. ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സൗത്ത് വെസ്റ്റ് ഡല്‍ഹിയില്‍ തന്നെയാണ് ഏറ്റവുമധികം പരിശോധനകളും നടത്തുന്നത്. ഇവിടെ കഴിഞ്ഞ നാല് ദിവസത്തിനിടെ കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.