ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അക്രമത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ഇക്ബാൽ സിംഗിന് ഡൽഹി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. രാജ്യം വിട്ട് പോകരുതെന്നും വിചാരണ കോടതിക്ക് മുമ്പാകെ കൃത്യമായി ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
മൊബൈൽ നമ്പർ അന്വേഷണ സംഘത്തിന് കൈമാറണം. എപ്പോഴും സ്വിച്ച് ഓൺ മോഡിലാണെന്ന് ഉറപ്പുവരുത്തണം. ഓരോ മാസവും ഒന്നാമത്തെയും പതിനഞ്ചാമത്തെയും ദിവസം അന്വേഷണ ഉദ്യോഗസ്ഥന് ലൊക്കേഷൻ കൈമാറണം. അധികൃതരെ അറിയിച്ചതിന് ശേഷമേ അഡ്രസ്, ഫോൺ നമ്പർ എന്നിവയിൽ മാറ്റം വരുത്താവൂ. സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ തെളിവുകൾ നശിപ്പിക്കുകയോ ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു.
പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് ഡൽഹിയിൽ കര്‍ഷക സമരത്തില്‍ പങ്കെടുക്കാൻ എത്തിയ ഇക്‌ബാല്‍ സിംഗ് റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കുകയും, അനുയായികള്‍ക്കൊപ്പം ചെങ്കോട്ടയില്‍ എത്തുകയും ചെയ്‌തു. ബാരിക്കേഡുകൾ തകർത്ത് ചെങ്കോട്ടയുടെ പ്രധാന കവാടം തുറന്ന് ചെങ്കോട്ടയിൽ മതത്തെ പ്രതിനിധീകരിക്കുന്ന കൊടി നാട്ടിയെന്നാണ് ഇക്ബാലിനെതിരെയുള്ള കേസ്. രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്.
അക്രമ സംഭവങ്ങൾക്ക് മുമ്പ് തന്നെ ഇക്ബാൽ സിംഗ് ചെങ്കോട്ടയിലെത്തി അവിടുത്തെ സുരക്ഷാസംവിധാനങ്ങൾ നിരീക്ഷിച്ചിരുന്നതായും അന്വേഷണസംഘം പറയുന്നു. സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ ചെങ്കോട്ടയിൽ പ്രവേശിച്ചതെന്നും പൊലീസ് വ്യക്തമാക്കി.