ന്യൂഡൽഹി :പടിഞ്ഞാറൻ ഡൽഹിയിലെ പഞ്ചാബി ബാഗിൽ പൊലീസ് ഇൻസ്‌പെക്‌ടർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. സുരക്ഷ യൂണിറ്റിൽ സേവനമനുഷ്‌ഠിച്ച് വരികയായിരുന്ന ഇൻസ്‌പെക്‌ടർ ജഗ്‌ബീർ സിങ് ആണ് മരിച്ചത്. ജഗ്‌ബീർ സിങ് സഞ്ചരിച്ചിരുന്ന കാറിന് പിറകിൽ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്‌ച പുലർച്ചെ മാഡിപൂർ മെട്രോ സ്റ്റേഷന് സമീപമുള്ള റോഹ്തക് റോഡിലായിരുന്നു അപകടം.
എഞ്ചിൻ തകരാർ കാരണം കാർ വഴിയിൽ നിർത്തിയിട്ടിരിക്കെയാണ് അപകടമുണ്ടായത്. ഈ സമയം ജഗ്‌ബീർ സിങ് കാറിന് പുറത്ത് നിൽക്കുകയായിരുന്നു. ഇതിനിടെയാണ് അമിതവേഗത്തിൽ എത്തിയ ട്രക്ക് കാറിന് പിന്നിൽ ഇടിച്ചത്. ഇതിനിടെ വാഹനത്തിന് പുറത്ത് നിൽക്കുകയായിരുന്ന ജഗ്‌ബീർ സിങ്ങിനും ഇടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ജഗ്‌ബീർ സിങ് സംഭവസ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെടുകയായിരുന്നു.
അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അതേസമയം സംഭവത്തിൽ നിയമ നടപടികൾ സ്വീകരിച്ച് വരികയാണെന്നും ട്രക്ക് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. എന്ത് തകരാർ കാരണമാണ് കാർ റോഡിൽ നിർത്തിയിട്ടിരുന്നത് എന്ന കാര്യം അന്വേഷിച്ച് വരികയാണ്.
അപകടമാണെന്ന് തന്നെയാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ മനപ്പൂര്‍വം അപായപ്പെടുത്താനുള്ള ശ്രമം ഉണ്ടായോ എന്നതുൾപ്പടെയുള്ള കാര്യങ്ങളും പരിശോധിച്ച് വരികയാണ്. ട്രക്കിന്‍റെ ട്രാൻസ്പോർട്ട് വെഹിക്കിൾ രജിസ്ട്രേഷൻ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡ്രൈവറെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.