ന്യൂഡൽഹി: സിംഗപ്പൂരിലെ പുതിയ വൈറസ് കൂടുതൽ അപകടകാരിയാണെന്ന പ്രസ്താവന നടത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്‍റെ ശാസന. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാലത്തെ സൗഹൃദത്തെ ഇത് തകർക്കും. ഡൽഹി മുഖ്യമന്ത്രി ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കുന്നില്ലെന്നും എസ് ജയ്ശങ്കർ പറഞ്ഞു. സിംഗപൂരിലെ പുതിയ തരം വൈറസ് കുട്ടികളിൽ അപകടകാരിയാണെന്നും ഇത് ഇന്ത്യയിൽ മൂന്നാം തരംഗമായി വരാം. അതിനാൽ സിംഗപ്പൂരുമായുള്ള വിമാന സർവീസുകൾ ഉടൻ റദ്ദാക്കണമെന്നും കുട്ടികൾക്കുള്ള വാക്സിനേഷന് മുൻഗണന നൽകണമെന്നും കെജരിവാൾ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Read More:കൊവിഡ് പുതിയ വകഭേദം: വിമാന സർവീസ് റദ്ദാക്കണമെന്ന് അരവിന്ദ് കെജ്‌രിവാൾ
കൊവിഡ് പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ-സിംഗപ്പൂർ പങ്കാളിത്തത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച വിദേശകാര്യ മന്ത്രി വൈറസിനെതിരായ പോരാട്ടത്തിൽ സിംഗപ്പൂരും ഇന്ത്യയും ശക്തമായ പങ്കാളികളാണെന്ന് അഭിപ്രായപ്പെട്ടു. ഓക്സിജൻ വിതരണത്തിലും മറ്റ് മെഡിക്കൽ സഹായങ്ങളിലും സിംഗപ്പൂരിന്‍റെ പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ട്വീറ്റിനെ സിംഗപ്പൂർ സർക്കാർ ശക്തമായി എതിർത്തു. ഡൽഹി മുഖ്യമന്ത്രിയുടെ ട്വീറ്റിനോട് ശക്തമായ എതിർപ്പ് പ്രകടിപ്പിക്കാൻ സിംഗപ്പൂർ സർക്കാർ ഹൈക്കമ്മീഷണറുമായി സംസാരിച്ചു. കൊവിഡ് വകഭേദങ്ങളെക്കുറിച്ചോ സിവിൽ ഏവിയേഷൻ നയത്തെക്കുറിച്ചോ പറയാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയത്തിന്‍റെ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.
Also Read:കുറയാതെ കൊവിഡ് മരണം; രോഗികളുടെ എണ്ണം കുറയുന്നു
കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം രാജ്യത്ത് ഉണ്ടെന്ന തരത്തിൽ ഇന്ത്യൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, 2020 മാർച്ച് മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതായും സിംഗപ്പൂരുമായി വിമാന സർവീസുകൾ ഇല്ലെന്നും സംസ്ഥാന വാണിജ്യ വ്യവസായ മന്ത്രി ഹർദീപ് സിങ് പുരി കെജരിവാളിന്‍റെ ട്വീറ്റിനോട് പ്രതികരിച്ചു. ഇന്ത്യൻ പൗരന്മാരെ തിരിച്ചുകൊണ്ടുവരാൻ 'വന്ദേ ഭാരത്' മിഷന്‍റെ ഭാഗമായി ചില വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. എന്നിരുന്നാലും എല്ലാ മുൻകരുതലുകളും സ്ഥീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.