ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ആവേശകരമായ ഒന്നാം ക്വാളിഫയറില്‍ ചെന്നൈയ്ക്ക് ജയിക്കാൻ 173 റൺസ്. ദുബായ് ഇന്‍റർനാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റൺസ് നേടി.
ഓപ്പണർ പൃഥ്വി ഷായുടേയും നായകൻ റിഷഭ് പന്തിന്‍റെയും അർധസെഞ്ച്വറികളുടെ മികവിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. പൃഥ്വി ഷാ 34 പന്തില്‍ 60 റൺസ് നേടിയപ്പോൾ റിഷഭ് പന്ത് 35 പന്തില്‍ 51 റൺസ് നേടി പുറത്താകാതെ നിന്നു. ഷിമ്രോൺ ഹെറ്റ്‌മെയർ 37 റൺസ് നേടി പുറത്തായി.
ശിഖർ ധവാൻ ( 7), ശ്രേയസ് അയ്യർ (1), അക്‌സർ പട്ടേല്‍ (10) എന്നിവർ കുറഞ്ഞ സ്കോറിന് പുറത്തായതാണ് ഡല്‍ഹിയെ വമ്പൻ സ്കോറിലെത്തുന്നത് തടഞ്ഞത്. ചെന്നൈയ്ക്ക് വേണ്ടി ജോഷ് ഹാസില്‍വുഡ് രണ്ട് വിക്കറ്റ് നേടിയപ്പോൾ, രവി ജഡേജ, മൊയീൻ അലി, ഡ്വെയിൻ ബ്രാവോ എന്നിവർ ഓരോ വിക്കറ്റും നേടി.