ന്യൂഡൽഹി : പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണയുടെ പ്രതിമ ഡല്‍ഹി നിയമസഭ സമുച്ചയത്തിൽ സ്ഥാപിക്കാൻ തീരുമാനം. ജൂലൈ 15 ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നിയമസഭയിലെ മെമ്മറി ഗാലറിയിൽ സുന്ദർലാൽ ബഹുഗുണയുടെ പ്രതിമ അനാച്ഛാദനം ചെയ്യും.
സ്പീക്കർ രാം നിവാസ് ഗോയൽ സുന്ദർലാൽ ബഹുഗുണയുടെ മകൻ രാജീവ് ബഹുഗുണയെ ചടങ്ങിലേക്ക് ക്ഷണിച്ച് കത്ത് അയച്ചിട്ടുണ്ട്. രാജീവ് ബഹുഗുണ ക്ഷണം സ്വീകരിച്ചു.
also read: സുന്ദർലാൽ ബഹുഗുണ അന്തരിച്ചു
2021 മെയ് 21 നാണ് സുന്ദർലാൽ ബഹുഗുണ അന്തരിച്ചത്. മെയ് 8 മുതൽ കൊവിഡ് ബാധിച്ച് ഋഷികേശിലെ എയിംസിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ചിപ്‌കോ പ്രസ്‌ഥാനത്തിന്‍റെ സ്ഥാപകനായ അദ്ദേഹം മരങ്ങൾ മുറിക്കുന്നതിനെതിരെ സമരം ചെയ്‌തിരുന്നു. മരങ്ങൾ കെട്ടിപ്പിടിച്ചായിരുന്നു സമരം.
1973ലാണ് ചിപ്‌കോ പ്രസ്‌ഥാനം ആരംഭിച്ചത്. സ്‌ത്രീകൾക്കും നദീസംരക്ഷണത്തിനുംവേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. തെഹ്രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിലും അദ്ദേഹം സജീവമായിരുന്നു. പരിസ്ഥിതി സംരക്ഷണ രംഗത്ത് നൽകിയ സമഗ്ര സംഭാവനയ്ക്ക് 1986 ൽ ജംനലാൽ ബജാജ് അവാർഡും 2009 ൽ പത്മവിഭൂഷണും അദ്ദേഹത്തെ തേടിയെത്തി.