ന്യൂഡൽഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കൃഷിക്കാരുടെ പ്രതിനിധി സംഘം കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. "സർക്കാരിന് താൽപ്പര്യമുണ്ടെങ്കിൽ പ്രശ്‌നങ്ങൾ പരിഹരിക്കാനാകും. രാജ്യത്തുടനീളമുള്ള എല്ലാ കർഷക സംഘടനകളും ഒന്നായി തെരുവിലിറങ്ങണമെന്നുമാണ് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കൈറ്റ് ഇന്നലെ പറഞ്ഞത്. ചൊവ്വാഴ്ച നടന്ന ആദ്യ ഘട്ട ചര്‍ച്ച പരാജയമായിരുന്നു.
പുതിയ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അന്വേഷിക്കുന്നതിനായി അഞ്ചംഗ സമിതി രൂപീകരിക്കാനുള്ള സർക്കാരിന്‍റെ നിർദേശവും കർഷക സംഘടനകൾ നിരസിച്ചിരുന്നു. പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിക്കണമെന്ന നിലപാടിൽ സർക്കാർ പക്ഷം ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച ഫലം കാണാതെ പോയത്. കർഷക പ്രതിനിധികൾ ഈ നിർദേശം പരിഗണിക്കണമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ യോഗത്തിന് ശേഷം ആവശ്യപ്പെട്ടു. മൂന്ന് കേന്ദ്രമന്ത്രിമാരുമായുള്ള മാരത്തൺ യോഗത്തിൽ 35 കര്‍ഷക സംഘടന സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.
കര്‍ഷകരുടെ താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് ആരോപിക്കുന്ന മൂന്ന് നിയമങ്ങളും റദ്ദാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ പുതിയ നിയമങ്ങൾ കർഷകർക്ക് മികച്ച അവസരങ്ങൾ നൽകുമെന്നും കാർഷിക മേഖലയിലെ പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുമെന്നുമാണ് സര്‍ക്കാര്‍ വാദം. കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമറിനൊപ്പം റെയിൽവേ, വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, പഞ്ചാബ് എംപിയായ വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരും കഴിഞ്ഞ യോഗത്തില്‍ പങ്കെടുത്തിരുന്നു.
പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള കർഷകർക്ക് പുറമേ ഉത്തരാഘണ്ഡില്‍ നിന്നും ആളുകള്‍ ഡല്‍ഹി അതിര്‍ത്തിയിലേക്കെത്തുന്നുണ്ട്. സമാധാനപരമായി കുത്തിയിരിപ്പ് സമരമാണ് കര്‍ഷകര്‍ നത്തുന്നത്. വെള്ളിയാഴ്ച നടന്ന അക്രമത്തിന് ശേഷം അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ഗാസിപൂർ അതിർത്തിയിൽ പ്രതിഷേധക്കാരുടെ എണ്ണം വർധിക്കുന്നുണ്ട്. കർഷകരുടെ ജനാധിപത്യ പോരാട്ടത്തെ മാനിക്കാനും നിയമങ്ങൾ റദ്ദാക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും സമ്മർദ്ദം ശക്തമാക്കുന്നുണ്ട്.