ന്യൂഡൽഹി: കേരളത്തിലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തോൽവിയുമായി ബന്ധപ്പെട്ട് നിയോജകമണ്ഡലങ്ങൾ അടിസ്ഥാനമാക്കിയുള്ള വിശദമായ വിലയിരുത്തൽ നടത്തുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.
തോൽവി വിലയിരുത്തും
ബിജെപിക്ക് കിട്ടിയിരുന്ന ചില പ്രത്യേക ജനവിഭാഗങ്ങളുടെ പിന്തുണ ഇത്തവണ ലഭിച്ചില്ല. രാജ്യം ഒരു മഹാമാരിയിലൂടെ കടന്നുപോകുമ്പോൾ അത് നേരിടുന്ന സർക്കാരുകൾക്ക് എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും തൽസ്ഥിതി തുടരട്ടെ എന്ന ജനങ്ങളുടെ ഉള്ളിലെ തോന്നലും തോൽവിക്ക് കാരണമായി. അതുകൊണ്ടാണ് ബംഗാൾ, അസം, കേരളം എന്നീ സംസ്ഥാനങ്ങളിൽ ബിജെപിക്ക് തോൽവി നേരിടേണ്ടി വന്നതും നിലവിലുള്ള സർക്കാർ തിരിച്ചുവന്നതുമെന്ന് അദ്ദേഹം ആരോപിച്ചു.
കൊവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരുടെ നേട്ടമായി കണക്കാക്കിയതും ഇതിനൊരു കാരണമാണ്. കേന്ദ്രത്തിൽ നിന്നു നൽകിയ അരി ഉൾപെടെയുള്ള ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാർ തങ്ങളുടെ നേട്ടം എന്ന നിലയിൽ ജനങ്ങളുടെ മുന്നിൽ ചിത്രീകരിച്ചതിൽ വിജയിച്ചു. ഇത് കേന്ദ്രത്തിന്‍റെ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമാണെന്നുള്ളത് ജനങ്ങളുടെ പക്കലെത്തിക്കാൻ കഴിയാത്തത് ബിജെപിയുടെ പോരായ്മയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തോൽവി ഭയന്ന് ഒളിച്ചോടാൻ തയാറല്ലെന്നും ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ തിരുത്തൽ ശക്തിയായി ജനങ്ങൾക്കിടയിൽ ഇനിയും ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
വോട്ടുകച്ചവടം ദുരാരോപണം
പാർട്ടിക്കെതിരായ വോട്ടുകച്ചവട ആരോപണവും അദ്ദേഹം തള്ളി. പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വോട്ടുകച്ചവടം ആരോപിക്കുമ്പോൾ ഏറ്റവും ചുരുങ്ങിയത് 2016ലെയും 2019ലെയും തെരഞ്ഞെടുപ്പിനെ കുറിച്ചാലോചിക്കണം. കേരളത്തിലെ ചില മണ്ഡലങ്ങളിൽ സിപിഎമ്മിന്‍റെ വോട്ടു കുറഞ്ഞത് കച്ചവടമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ബിജെപിക്ക് വോട്ടു ചെയ്തവർ എല്ലാവരും പാർട്ടിയുടെ അടിയുറച്ച അനുയായികൾ മാത്രമെന്ന് വിശ്വസിക്കുന്നില്ല. തങ്ങൾക്ക് ലഭിച്ച വോട്ടിൽ ബിജെപി അനുഭാവികൾക്കു പുറമേ നിക്ഷ്പക്ഷരായവർ, ഇതര പാർട്ടിക്കാർ,സ്ഥാനാർഥി താൽപര്യത്തിൽ വോട്ട് ചെയ്തവർ തുടങ്ങിയവർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ വോട്ടുകച്ചവടമാണെന്ന് വ്യാഖ്യാനിക്കുന്നത് അനാവശ്യ രാഷ്‌ട്രീയ ദുരാരോപണമാണെന്നും അദ്ദേഹം ആരോപിച്ചു.
മാധ്യമങ്ങളെ ആക്ഷേപിച്ച് മുരളീധരൻ
തന്‍റെ പ്രതികരണങ്ങളെ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളായി മാധ്യമങ്ങൾ മാറ്റുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കൊവിഡിന്‍റെ പേരിൽ മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനങ്ങളിൽ അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്‌ട്രീയപരമാണ്. അതിന് രാഷ്‌ട്രീയപരമായി തന്നെ മറുപടി പറയേണ്ട ഉത്തരവാദിത്തമുണ്ട്. പക്ഷെ അതിനെ മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണമായി മാധ്യമങ്ങൾ ചിത്രീകരിക്കുന്നു. തന്‍റെ പ്രസ്‌താവനകൾ വ്യക്തിപരമായോ രാഷ്‌ട്രീയപരമായോ ഉള്ള വിമർശനങ്ങളല്ല, മറിച്ച് ജനപക്ഷത്തുനിന്നുള്ള ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള തിരുത്തൽ ശ്രദ്ധയിൽപെടുത്തുന്നു
കൊവിഡ് രണ്ടാം തരംഗം ശക്തമായപ്പോൾ മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികൾ ചെലവ് നിശ്ചയിച്ച് ഉത്തരവിറക്കി. എന്നാൽ വളരെയേറെ ജനങ്ങൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന കേരളത്തിൽ എന്തുകൊണ്ട് സർക്കാർ ഇതു സംബന്ധിച്ച ഉത്തരവിറക്കിയില്ല എന്നും മുരളീധരൻ ചോദിച്ചു. പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തമാണ് ജനങ്ങളുടെ ഇത്തരം ആവശ്യങ്ങൾ സർക്കാരുടെ ശ്രദ്ധയിലെത്തിക്കുക എന്നത്. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ മുഖ്യപ്രതിപക്ഷം എന്നു പറയുന്ന പാർട്ടി നിശബ്ദമാണ്. ഈ സാഹചര്യത്തിൽ ബിജെപി നേതാവ് എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുടെ അഭ്യർഥനകൾ സർക്കാർ ശ്രദ്ധയിൽപെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ കാറിന് നേരെ ബംഗാളില്‍ ആക്രമണം