Bengaluru (Karnataka):ക്ലാസ്‌മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ഹർജി തള്ളിയ കർണാടക ഹൈക്കോടതി സ്പെഷ്യൽ ബെഞ്ച് ജഡ്‌ജിമാർക്കെതിരെ വധഭീഷണി മുഴക്കിയതിന് രണ്ട് പേർ അറസ്റ്റിൽ. തമിഴ്‌നാട് തൗഹീദ് ജമാഅത്ത് ഭാരവാഹികളായ കോവൈ റഹമത്തുള്ള, എസ്.ജമാൽ മുഹമ്മദ് ഉസ്‌മാനി എന്നിവരെയാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്‌തത്. കോവൈ റഹമത്തുള്ളയെ തിരുനെൽവേലിയിൽ നിന്നും ജമാൽ മുഹമ്മദ് ഉസ്മാനിയെ തഞ്ചാവൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്‌തത്.
പ്രതികൾക്കെതിരെ കർണാടകയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. വധഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട് മറ്റ് പലർക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്‌തി, ജസ്റ്റിസുമാരായ കൃഷ്‌ണ എസ് ദീക്ഷിത്, ഖാജി ജയ്ബുന്നേസ മൊഹിയുദ്ദീൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഹിജാബ് ഇസ്ലാമിന്‍റെ ഒഴിച്ചുകൂടാനാവാത്ത മതാചാരമല്ലെന്ന് പറഞ്ഞ് ഹർജികൾ തള്ളിയത്.
വിധിക്കെതിരെ കർണാടകയിലും തമിഴ്‌നാട്ടിലും നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. കർണാടകയിൽ അഭിഭാഷകയായ സുധ കത്വയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു വിധാന സൗധ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. വധഭീഷണി, ഭീഷണിപ്പെടുത്തൽ, അധിക്ഷേപകരമായ പദപ്രയോഗം, സമാധാന ലംഘനം, സാമുദായിക സൗഹാർദ്ദം തകർക്കൽ എന്നിവ പരാതിയിൽ ഉന്നയിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 506(1), 505(1) (ബി), 153എ, 109, 504 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കെസെടുത്തത്.