കേരളം

kerala

ETV Bharat / bharat

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ റെയ്‌ഡ്; 18 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി - ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍

20 സംസ്ഥാനങ്ങളിലെ 76 ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങളിലാണ് ഡിസിജിഐ റെയ്‌ഡ് നടത്തിയത്. ചട്ടലംഘനം നടന്നു എന്ന് കണ്ടെത്തിയ 26 സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.

DCGI raids 76 pharma firms in 20 States last 2 weeks  DCGI raids at pharma firms in twenty States  raids at pharma firms  DCGI  ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ റെയ്‌ഡ്  ഡിസിജിഐ  കാരണം കാണിക്കല്‍ നോട്ടിസ്  ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍  ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ
രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ റെയ്‌ഡ്

By

Published : Mar 29, 2023, 9:50 AM IST

ന്യൂഡല്‍ഹി: വ്യാജവും നിലവാരമില്ലാത്തതുമായ മരുന്നുകള്‍ ഉത്‌പാദിപ്പിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കെതിരെ നടപടി എടുക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ 76 ഫാര്‍മ കമ്പനികളില്‍ റെയ്‌ഡ്. കഴിഞ്ഞ രണ്ട് ആഴ്‌ചയിലായി നടന്ന റെയ്‌ഡില്‍ ഗുരുതര വീഴ്‌ച കണ്ടെത്തിയ 18 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. 20 സംസ്ഥാനങ്ങളിലെ മരുന്ന് കമ്പനികളിലാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) റെയ്‌ഡ് നടത്തിയത്.

റെയ്‌ഡില്‍ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ 26 സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് 203 സ്ഥാപനങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി ഡിസിജിഐ വൃത്തങ്ങള്‍ അറിയിച്ചു. ആന്ധ്രാപ്രദേശ്, ബിഹാർ, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്‌മീർ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മ കമ്പനികളിലാണ് റെയ്‌ഡ് നടന്നത്.

വ്യാജവും നിലവാരമില്ലാത്തതുമായ മരുന്നുകള്‍ നിര്‍മിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് റെയ്‌ഡ് നടത്തിയത് എന്നും വരും ദിവസങ്ങളിലും റെയ്‌ഡ് തുടരുമെന്നും ഡിസിജിഐ വ്യക്തമാക്കി. 'വ്യാജവും നിലവാരമില്ലാത്തതുമായ മരുന്നുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഈ റെയ്‌ഡുകൾ തുടരുകയും കൃത്യമായ നിർമാണ രീതികൾ പാലിക്കാത്ത കമ്പനികൾ അടച്ചു പൂട്ടാന്‍ നിര്‍ദേശിക്കുകയും ചെയ്യും. രാജ്യത്ത് ഇത്തരത്തില്‍ 203 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ആദ്യഘട്ടത്തില്‍ 76 സ്ഥാപനങ്ങളിലാണ് റെയ്‌ഡ് നടത്തിയത്. ചില കമ്പനികളുടെ നിര്‍മാണ അനുമതി റദ്ദാക്കി. 26 കമ്പനികള്‍ക്ക് കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി', ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് വ്യാജവും നിലവാരമില്ലാത്തതുമായ മരുന്നുകൾ ഉത്‌പാദിപ്പിക്കുന്ന കമ്പനികളിൽ ഭൂരിഭാഗവും. ഹിമാചൽ പ്രദേശില്‍ 70 മരുന്ന് നിര്‍മാണ കമ്പനികളിലും ഉത്തരാഖണ്ഡില്‍ 45 സ്ഥാപനങ്ങളിലും മധ്യപ്രദേശില്‍ 23 കമ്പനികളിലും ഗുജറാത്തില്‍ 16 ഫാർമ കമ്പനികളുമാണ് ഉള്ളത്. ഇന്ത്യയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ച പല ഫാര്‍മസ്യൂട്ടിക്കല്‍ ഉത്‌പന്നങ്ങളും ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിച്ച കഫ് സിറപ്പ് ഗാംബിയയില്‍ ഉണ്ടായ മരണങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്തയായതും ഈ അടുത്ത കാലത്താണ്.

വിവാദമായ ഇന്ത്യന്‍ കഫ് സിറപ്പ്: ഇന്ത്യന്‍ സ്ഥാപനമായ മെയ്‌ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച കഫ് സിറപ്പുകളാണ് വിവാദമായത്. കഫ് സിറപ്പ് കഴിച്ച് ആഫ്രിക്കയിലെ ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചു എന്നതായിരുന്നു റിപ്പോര്‍ട്ട്. കഫ് സിറപ്പ് കഴിച്ച കുട്ടികള്‍ക്ക് വൃക്ക സംബന്ധമായ അസുഖം ബാധിച്ച് മരിച്ചതായാണ് പുറത്തു വന്ന വിവരം. സംഭവത്തില്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അന്വേഷണം ആരംഭിച്ചിരുന്നു.

ഹരിയാനയിലാണ് മെയ്‌ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ നാല് കഫ് സിറപ്പുകളെ കുറിച്ച് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് മെയ്‌ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ കഫ് സിറപ്പുകള്‍ നിലവാരമുള്ളതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തുകയായിരുന്നു.

ABOUT THE AUTHOR

...view details