ജോധ്‌പൂര്‍ (രാജസ്ഥാന്‍): ദലിത് യുവതിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തി. ബാര്‍മര്‍ ജില്ലയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അക്രമി ദലിത് യുവതിയെ പീഡനത്തിനിരയാക്കിയ ശേഷം ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ് ജോധ്‌പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വെള്ളിയാഴ്‌ച രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
സംഭവം ഇങ്ങനെ:പഛ്പദ്ര പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള യുവതിയുടെ വീട്ടിൽ വ്യാഴാഴ്‌ചയാണ് അയല്‍വാസിയായ യുവാവ് അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗത്തിനിരയാക്കുന്നത്. സംഭവം യുവതി പുറത്തറിയിക്കുമെന്ന് തോന്നിയ പ്രതി ഇവരെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതോടെ നിലവിളിച്ച യുവതിയുടെ ശബ്‌ദം കേട്ട് സഹോദരി മുറിയിലേക്ക് ഓടിയെത്തിയപ്പോള്‍ ഇയാള്‍ അവരെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ യുവതി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
പ്രതിഷേധവുമായി നാട്ടുകാര്‍:യുവതിയുടെ മരണത്തെ തുടര്‍ന്ന് ഒരു കോടി രൂപ നഷ്‌ടപരിഹാരവും സര്‍ക്കാര്‍ ജോലിയും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി ഹോസ്‌പിറ്റല്‍ പരിസരത്ത് ജനങ്ങള്‍ തടിച്ചുകൂടി. തങ്ങള്‍ മുന്നോട്ടുവച്ച നിബന്ധന അംഗീകരിക്കാതെ പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ നടത്താന്‍ അനുവദിക്കില്ലെന്നും ഇവര്‍ പ്രതിഷേധമറിയിച്ചു. സംഭവത്തില്‍ അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപിയും രംഗത്തെത്തി. യുവതിയുടെ മരണവിവരമറിഞ്ഞ് കേന്ദ്ര കാര്‍ഷിക സഹമന്ത്രി കൈലാഷ് ചൗധരി ആശുപത്രിയില്‍ നേരിട്ടെത്തി. അക്രമസംഭവവും ലവ് ജിഹാദിന്‍റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണെന്നും അക്രമികള്‍ ഇത്തരം കൃത്യങ്ങളിലേക്ക് നീങ്ങുന്നത് സംസ്ഥാനത്തെ ദുര്‍ബലമായ ക്രമസമാധാന നില കാരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.