പ്രകാശം (ആന്ധ്രാപ്രദേശ്): സഹോദരന്‍ ഇതര ജാതിയില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചു എന്നാരോപിച്ച് വിധവയായ ദലിത് സ്‌ത്രീയെ ക്രൂരമായി മര്‍ദിച്ചു. ഇവരെ വിവസ്‌ത്രയാക്കി കൈകാലുകള്‍ കെട്ടിയിടുകയും കണ്ണില്‍ മുളക് പൊടി വിതറുകയും ചെയ്‌തതായാണ് വിവരം. ജീവനോടെ കത്തിക്കാനുള്ള ശ്രമം നടന്നതായും പറയപ്പെടുന്നു.
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം. തിങ്കളാഴ്‌ച (ഓഗസ്റ്റ് 14) രാത്രി ഏകദേശം 12.30ഓടെ സഹോദരന്‍റെ മിശ്രവിവാഹത്തില്‍ പ്രകോപിതരായ സംഘം സ്‌ത്രീയുടെ വീട്ടിലെത്തി അക്രമിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : മര്‍ദനത്തിന് ഇരയായ സ്‌ത്രീയുടെ സഹോദരന്‍ തൊട്ടടുത്ത ഗ്രാമത്തിലെ മറ്റൊരു ജാതിയില്‍പ്പെട്ട യുവതിയുമായി പ്രണയത്തിലായിരുന്നു. ഇവര്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വീട് വിട്ടിറങ്ങുകയും വിവാഹിതരാകുകയും ചെയ്‌തു. ജാതിവ്യത്യാസത്തെ തുടര്‍ന്ന് യുവതിയുടെ കുടുംബം വിവാഹത്തെ എതിര്‍ക്കുകയും വിവാഹശേഷം യുവാവിന്‍റെ വീടിന് നേരെ ആക്രമണം നടത്തുകയും ചെയ്‌തു. യുവാവിന്‍റെ അമ്മയെയും വിധവയായ സഹോദരിയെയും അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്‌തു. മര്‍ദനത്തില്‍ യുവാവിന്‍റെ സഹോദരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Also Read :മഹാരാഷ്‌ട്രയിൽ 7 മാസം ഗർഭിണിയായ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്‌തു; സഹോദരന്മാര്‍ പിടിയില്‍
യുവതിയെ തിരിച്ചയക്കണമെന്ന് ഇവരുടെ മാതാപിതാക്കള്‍ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന് യുവാവിന്‍റെ സഹോദരിയും അമ്മയും പൊലീസിനെ സമീപിച്ച് പരാതി നല്‍കി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആക്രമിച്ചവര്‍ക്കെതിരെ ദര്‍ശി പൊലീസ് എസ്‌സി, എസ്‌ടി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് പ്രതികളെ പിടികൂടി.
ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ വീണ്ടും തിങ്കളാഴ്‌ച യുവാവിന്‍റെ വീട്ടില്‍ എത്തുകയായിരുന്നു. യുവാവിന്‍റെ സഹോദരി അമ്മയെ കാണാനായി എത്തിയപ്പോഴാണ് വീണ്ടും ആക്രമണം ഉണ്ടായത്. തെരുവിലെ പൈപ്പില്‍ നിന്ന് വെള്ളം ശേഖരിക്കുമ്പോഴാണ് സ്‌ത്രീക്കെതിരെ ആക്രമണം ഉണ്ടായത്. കണ്ണില്‍ മുളകുപൊടി വിതറുകയും കത്തികൊണ്ട് ആക്രമിക്കുകയും ചെയ്‌തു.
തെരുവിലൂടെ വലിച്ചിഴച്ച് അവരുടെ വസ്‌ത്രങ്ങള്‍ ബലമായി ഊരിമാറ്റി. കൈകാലുകള്‍ ബന്ധിക്കുകയും കോടാലിയുടെ പിടി കൊണ്ട് അടിക്കുകയും ചെയ്‌തു. ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കാനും ശ്രമിച്ചു. പരിസരവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തുകയും സ്‌ത്രീയെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കുകയും ചെയ്‌തു.
എസ്‌സി, എസ്‌ടി പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് എസ്‌പി മാലിക ഗാര്‍ഗ് പറഞ്ഞു. പ്രതികളെ അറസ്റ്റു ചെയ്‌തതായും പൊലീസ് വ്യക്തമാക്കി. ഐപിഎസ് ഓഫിസര്‍ അങ്കിത സുരാന മഹാവീര്‍ ആശുപത്രിയിലെത്തി സ്‌ത്രീയെ സന്ദര്‍ശിച്ചു.
Also Read :കന്നുകാലികളെ മോഷ്‌ടിച്ചെന്ന് ആരോപണം; ആൾക്കൂട്ട ആക്രമണത്തിന് ഇരയായ 40കാരന് ദാരുണാന്ത്യം