ഛത്തർപൂർ : ദലിത് യുവാവിന്‍റെ മുഖത്തും ശരീരത്തിലും മനുഷ്യ വിസർജ്യം തേച്ചുവെന്ന് പരാതി. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ വെള്ളിയാഴ്‌ചയാണ് സംഭവം. ഗ്രീസ് പറ്റിയ കൈ കൊണ്ട് അബദ്ധത്തിൽ സ്‌പർശിച്ചതിന് രാംകൃപാൽ പട്ടേൽ എന്നയാൾ തന്‍റെ ശരീരത്തിലും മുഖത്തും മനുഷ്യ വിസർജ്യം തേച്ചുവെന്നാണ് ദലിത് യുവാവിന്‍റെ പരാതി.
ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. ഒബിസി വിഭാഗത്തിൽപ്പെട്ട രാംകൃപാൽ പട്ടേലിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വെള്ളിയാഴ്‌ച ഛത്തർപൂർ ജില്ല ആസ്ഥാനത്തുനിന്ന് 35 കിലോമീറ്റർ അകലെയുള്ള ബികൗര ഗ്രാമത്തിൽ പഞ്ചായത്ത് ഡ്രെയിനിന്‍റെ നിർമ്മാണത്തിൽ യുവാവ് ഏർപ്പെട്ടിരിക്കുമ്പോഴാണ് സംഭവം. പണി നടക്കുന്നതിന് സമീപത്തെ ഹാൻഡ് പമ്പിനരികിൽ നിന്ന് രാംകൃപാൽ പട്ടേൽ കുളിക്കുകയായിരുന്നു. അബദ്ധത്തിൽ പട്ടേലിനെ ഗ്രീസ് പറ്റിയ കൈ കൊണ്ട് തൊട്ടുപോയി.
ഇതിൽ പ്രകോപിതനായ പട്ടേൽ കുളിക്കാൻ ഉപയോഗിച്ചിരുന്ന മഗ്ഗിൽ സമീപത്ത് കിടന്നിരുന്ന മനുഷ്യ വിസർജ്യം കൊണ്ടുവന്ന് തലയിലും മുഖത്തും തേച്ചു. തുടർന്ന് ജാതിയുടെ പേരിൽ അധിക്ഷേപിച്ചുവെന്നും യുവാവ് പറഞ്ഞു. തുടർന്ന് ഇന്നലെ യുവാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. അതേസമയം ഇന്നലെ വൈകുന്നേരത്തോടെ തന്നെ പ്രതിയെ പൊലീസ് പിടികൂടി.
വിഷയം ഇയാള്‍ പഞ്ചായത്തില്‍ അറിയിക്കുകയും അവര്‍ യോഗം വിളിക്കുകയും ചെയ്‌തിരുന്നു. എന്നാൽ പഞ്ചായത്ത് പരാതിക്കാരന് 600 രൂപ പിഴ ചുമത്തുകയാണ് ഉണ്ടായത്. ജോലി പാതിവഴിയിൽ ഉപേക്ഷിക്കാൻ കഴിയാത്തതുകൊണ്ടാണ് വെള്ളിയാഴ്‌ച തന്നെ പൊലീസിൽ പരാതി നൽകാതിരുന്നതെന്ന് യുവാവ് വിശദീകരിച്ചു.
ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ സെക്ഷൻ 294 ( പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തികളോ വാക്കുകളോ ഉപയോഗിക്കുന്നത്), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം രാംകൃപാൽ പട്ടേലിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായി മൻമോ പൊലീസ് സബ് ഡിവിഷണൽ ഓഫിസർ സിംഗ്ഹാൻ എസ്‌ഡി പറഞ്ഞു.
ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി പ്രവർത്തകൻ : കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആദിവാസി യുവാവിന്‍റെ മുഖത്ത് ബിജെപി പ്രവർത്തകൻ മൂത്രമൊഴിച്ച സംഭവം ഉണ്ടായത്. വിഷയത്തിൽ ബിജെപി പ്രവർത്തകനും സിധി ജില്ലയിൽ നിന്നുള്ള എംഎൽഎ കേദാർനാഥ് ശുക്ലയുടെ അടുത്ത അനുയായിയുമായ പ്രവേഷ് ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മധ്യപ്രദേശിലെ സിധിയിലായിരുന്നു ഈ സംഭവവും ഉണ്ടായത്.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു കെട്ടിടത്തിന്‍റെ കോണിപ്പടിയിൽ ഇരിക്കുന്ന ആദിവാസി യുവാവിന്‍റെ മുഖത്തേക്ക് വായിൽ സിഗരറ്റുമായി, മദ്യപിച്ച നിലയിൽ എത്തിയ പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വീഡിയോ പുറത്തുവന്നതോടെ പ്രതി ഒളിവിൽ പോയി. എന്നാൽ പൊലീസിന്‍റെ സമഗ്രമായ തെരച്ചിലിനൊടുവിൽ മണിക്കൂറുകൾക്കകം തന്നെ ഇയാളെ പിടികൂടി.
Read More :Madhya Pradesh| ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി പ്രവർത്തകൻ; പിന്നാലെ അറസ്റ്റ്
വീഡിയോ പ്രചരിച്ചതോടെ പ്രവേഷ് ശുക്ലയുടെ നീചമായ പ്രവര്‍ത്തി സംസ്ഥാന രാഷ്‌ട്രീയത്തില്‍ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. സംഭവത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണത്തിനും ദേശീയ സുരക്ഷ നിയമത്തിലേയും എസ്‌സി/എസ്‌ടി വിഭാഗക്കാര്‍ക്കുനേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിലേയും കർശനമായ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉത്തരവിടുകയും ചെയ്‌തിരുന്നു.