ജയ്‌പൂർ : പ്രണയിച്ചതിന്‍റെ പേരില്‍ ദളിത് യുവാവിനെ ഒരു സംഘം ആളുകൾ അടിച്ചുകൊന്നു. ഒക്‌ടോബർ 7ന് രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിലെ പ്രേംപുരയിലായിരുന്നു നടുക്കുന്ന സംഭവം. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ക്രൂരമായ കൊലപാതകം വെളിപ്പെട്ടത്.
ജഗദീഷ് എന്നയാളെ പ്രതികൾ സംഘം ചേർന്ന് വടികൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തുകയും ചെയ്തു. ജഗദീഷിന് ഇടയ്ക്ക് കുടിക്കാൻ വെള്ളം കൊടുക്കുന്നതും വീണ്ടും മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Also Read: ലഖിംപുര്‍ ഖേരി കര്‍ഷക ഹത്യ : മന്ത്രിപുത്രൻ റിമാൻഡിൽ
മൃതദേഹം പിന്നീട് ജഗദീഷിന്‍റെ വീടിന് മുന്നിൽ പ്രതികൾ ഉപേക്ഷിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജഗദീഷിന്‍റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ 11 പേർക്കെതിരെ കേസെടുത്തതായും മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
മുകേഷ്, ഓം പ്രകാശ്, ഹൻസ്‌രാജ് എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികളെ പിടികൂടാൻ രണ്ട് സംഘങ്ങള്‍ രൂപീകരിച്ചതായും പൊലീസ് വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി രംഗത്തെത്തി. വിഷയത്തില്‍ സംസ്ഥാന സർക്കാർ നിശബ്ദത പാലിക്കുകയാണെന്ന് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ആരോപിച്ചു.