ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥ വകുപ്പ്. നിലവിൽ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുള്ള യാസ് ചുഴലിക്കാറ്റ് ഉച്ചയോടെ മണിക്കൂറിൽ 130 മുതൽ 155 വരെ വേഗത്തിൽ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ വകുപ്പിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഉമാശങ്കർ ദാസ് പറഞ്ഞു.
നിലവിൽ ഒഡിഷ, പശ്ചിമ ബംഗാൾ തീരങ്ങൾക്കടുത്തായാണ് ചുഴലിക്കാറ്റിന്‍റെ സ്ഥാനം. ഒഡിഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. ചുഴലിക്കാറ്റ് മെയ് 26ന് രാവിലെ വടക്കൻ ഒഡിഷ തീരത്തെ ധമ്ര തുറമുഖത്തിന് സമീപം ആഞ്ഞടിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് പ്രാദേശിക ഭരണകൂടവുമായി സഹകരിക്കാനും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറാനും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ആവശ്യപ്പെട്ടു.