ന്യൂഡല്‍ഹി:ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഒഡിഷ തീരം തൊട്ടു. ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. ചുഴലിക്കാറ്റ് നാളെ രാവിലെയോടെ ജാർഖണ്ഡിലെത്തുമെന്നാണ് മുന്നറിയിപ്പ്. കൊൽക്കത്ത, ഭുവനേശ്വർ വിമാനത്താവളങ്ങൾ അടച്ചു. 13 ലക്ഷം പേരെ ഒഴിപ്പിച്ചു. ഒഡിഷയിലെ ബാലസോറിനും ധമ്റയ്ക്കും ഇടയിൽ ചുഴലിക്കാറ്റിനെ തുടർന്ന് തീരപ്രദേശങ്ങളിൽ വെള്ളം കയറി. പശ്ചിമബംഗാളിലെ അഞ്ചു ജില്ലകളിൽ കനത്ത മഴ തുടരുകയാണ്.
മണിക്കൂറിൽ 130 മുതൽ 140 കിലോമീറ്റർ വരെ വേഗതയിലാണ് യാസ് ചുഴലിക്കാറ്റ് ഒഡിഷ തീരത്ത് എത്തിയത്. ബാലസോറിനും ധമ്രയ്ക്കും ഇടയ്ക്ക് പലയിടത്തും തിരമാലകൾ നാലു മീറ്റർ വരെ ഉയർന്നു. ധമ്രയിലും ഭദ്രകിലും ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറി. തീരത്ത് നിന്ന് രണ്ടു ലക്ഷത്തിലധികം പേരെ ഒഡിഷ ഒഴിപ്പിച്ചിരുന്നു. മയൂബ്ഗഞ്ച് ജില്ലയിലേക്കാണ് കാറ്റ് നീങ്ങുന്നത്. ചുഴലിക്കാറ്റിന്‍റെ തീവ്രത രണ്ടു മണിക്കൂറിൽ കുറഞ്ഞു തുടങ്ങും എന്നാണ് പ്രതീക്ഷ.