ന്യൂഡൽഹി:ടൗട്ടെ ചുഴലിക്കാറ്റ് ഉച്ചക്ക് 12നും മൂന്നിനും ഇടക്ക് ഗുജറാത്ത് തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ വൈകുന്നേരത്തോടെ പോർബന്ദറിനും മഹുവക്കുമിടയിൽ വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ടൗട്ടെ തീരം തൊടുമ്പോൾ മണിക്കൂറിൽ 150 - 160 കിലോമീർ വേഗത്തിലാകും ആഞ്ഞടിക്കുകയെന്നാണ് കരുതപ്പെടുന്നത്. ഇത് 175 കിമീ വരെയാകാൻ സാധ്യതയുണ്ട്.
ഗുജറാത്ത്, ദിയു തീരങ്ങൾ ചുഴലിക്കാറ്റ് ജാഗ്രതയിലാണ്. കർണാടകത്തിൽ ആറ് ജില്ലകളിലും, മൂന്ന് തീരദേശ ജില്ലകളിലും മൂന്ന് മലനാട് ജില്ലകളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ദിയു, ഗിർ സോംനാഥ്, അംറേലി, ബറൂച്, ഭാവ്‍നഗർ, അഹമ്മദാബാദ്, ആനന്ദ്, സൂറത്ത് എന്നിവിടങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരകൾ ഉയരാനും സാധ്യത. ദേവ്‍ഭൂമി ദ്വാരക, ജാംനഗർ, പോർബന്ദർ, കച്ച് എന്നിവിടങ്ങളിൽ ശക്തമായ കടൽക്ഷോഭവും തീരനാശവുമുണ്ടാകും. ചുഴലിക്കാറ്റ് തീരം തൊടുമ്പോൾ പ്രദേശത്ത് വൈദ്യുതി, ആശയവിനിമയമാർഗങ്ങളെല്ലാം പൂർണമായും തകരാറിലായേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read more: കര്‍ണാടകയില്‍ രക്ഷാപ്രവര്‍ത്തകര്‍ കടലില്‍ കുടുങ്ങി
'ടൗട്ടെ' ചുഴലിക്കാറ്റിനെ നേരിടുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യോഗം ചേർന്നിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഗുജറാത്ത്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരും ദാദ്ര നാഗർ വേലി, ദാമന്‍ - ഡിയു അഡ്‌മിനിസ്ട്രേറ്റർമാരും പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള നിര്‍ദേശങ്ങള്‍ അമിത്ഷാ യോഗത്തില്‍ വ്യക്തമാക്കി. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്നും ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. ദുരന്ത നിവാരണ സേനയേയും വ്യോമ സേനയെയും രക്ഷാ പ്രവർത്തനത്തിന് സജ്ജമാക്കിയിട്ടുണ്ട്.
നാളെ മുതൽ രണ്ട് ദിവസത്തേക്ക് മുംബൈയിൽ വാക്‌സിനേഷൻ നിർത്തിവച്ചിരിക്കുകയാണ്. മുംബൈ, ഗോവ, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് ആശുപത്രികളടക്കമുള്ളവ കനത്ത മഴ നേരിടാനുള്ള തയാറെടുപ്പിലാണ്. ഗുജറാത്ത് തീരത്ത് കൊവിഡ് രോഗികൾക്കടക്കം അടിയന്തരമായി സഹായം നൽകാൻ 175 മൊബൈൽ ഐസിയു വാനുകൾ തയാറാക്കി നിർത്തിയിട്ടുണ്ട്. മഴക്കെടുതിക്കിടയിലും രോഗികൾക്ക് ചികിത്സ മുടങ്ങാതിരിക്കാൻ വേണ്ട തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി.