മുംബൈ:അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ വന്‍ നാശനഷ്‌ടം. തിങ്കളാഴ്‌ചയാണ് ടൗട്ടെ മഹാരാഷ്‌ട്ര തീരം തൊട്ടത്. ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് ആറ് പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
447 വീടുകള്‍ തകര്‍ന്നു. രക്തനഗിരി-സിന്ധുദര്‍ഗ് ജില്ലകളിലാണ് വലിയ തോതില്‍ നാശനഷ്ടമുണ്ടായത്. ഇവിടങ്ങളില്‍ നിരവധി വീടുകള്‍ ഭാഗികമായും പൂര്‍ണമായും നശിച്ചു. മരങ്ങള്‍ വീണ് റോഡ് ഗതാഗതവും മുടങ്ങി. വൈദ്യുതി ബന്ധവും നിലച്ചു. ശക്തമായ മഴയെ തുടര്‍ന്ന് റായ്‌ഗഡില്‍ മൂന്ന് പേര്‍ മരിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ സാഹചര്യം വിലയിരുത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
മുംബൈയിലും അനുബന്ധ പ്രദേശങ്ങളിലും കനത്ത മഴ അനുഭവപ്പെട്ടു. സംസ്ഥാനത്തെ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. റെയില്‍വെ ട്രാക്കില്‍ മരങ്ങള്‍ വീണ് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വോര്‍ളി-ബന്ത്ര കടല്‍ മാര്‍ഗം രാവിലെ പത്ത് മണിക്ക് ശേഷം നിര്‍ത്തിവച്ചു. മുംബൈയില്‍ നിന്നുള്ള വിമാന സര്‍വീസുകളും രാത്രി എട്ട് മണിവരെ നിര്‍ത്തിവച്ചു. മൂന്ന് കൊവിഡ് സെന്‍ററുകളില്‍ നിന്നും രോഗികളെ മറ്റ് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി. വൈകുന്നേരം മൂന്ന് മണിയോടെ കടല്‍ പ്രക്ഷുബ്‌ധമായി. ശക്തമായ കാറ്റിനൊപ്പം ഭീമന്‍ തിരമാലകളും അനുഭവപ്പെട്ടു.
ദോവഗാഡയിലെ അനന്തവാടി പോര്‍ട്ടില്‍ നിന്നും രണ്ട് ബോട്ടുകള്‍ ഒഴുകിപ്പോയി. ഒരു തൊഴിലാളി മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തീരപ്രദേശത്ത് നിന്നും 144 കുടുംബങ്ങളെ മാറ്റി താമിസിപ്പിച്ചു. റായ്‌ഗഡില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. 1,886 വീടുകള്‍ ഭാഗീകമായും അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വൈദ്യുതി ബന്ധം നിലച്ചതിനാല്‍ കൊവിഡ് രോഗികള്‍ക്കുള്ള ചികിത്സയും പ്രതിസന്ധിയിലായി. നിലവില്‍ ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തോട് അടുക്കുകയാണ്.