നന്ദ്യാല (ആന്ധ്രാപ്രദേശ്): 2000 രൂപ (2000 Rupee) അസാധുവാക്കുന്നുവെന്ന് കാണിച്ച് ആളുകളില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. 2000 രൂപ വൈകാതെ അസാധുവാകുമെന്നും കൈവശമുള്ള നോട്ടുകള്‍ക്ക് പകരം 500 രൂപയുടെ നോട്ടുകളാക്കി (500 Rupee Currency) മടക്കി നല്‍കിയാല്‍ 15 ശതമാനം കമ്മീഷന്‍ നല്‍കാമെന്നുമറിയിച്ചാണ് സംഘം പണം തട്ടിയത്. പ്രതികളെ നന്ദ്യാല (Nandyala) ജില്ല പൊലീസാണ് അരസ്‌റ്റ് ചെയ്‌തത്.
തട്ടിപ്പ് ഇങ്ങനെ:ശ്രീകാകുളം ജില്ലയിലെ സരബുസ്സിലിയിലുള്ള തെലികിപെന്‍ട ഗ്രാമത്തിലെ സോഭന്‍ ബാബു, അതേ ജില്ലയിലെ തന്നെ ദേവപുരം ഗ്രാമത്തിലെ ചിന്നബാബു എന്നിവരും മറ്റ് ആറുപേരും ചേര്‍ന്നാണ് നന്ദ്യാല മണ്ഡലത്തിലെ നൂനെപ്പള്ളിയിലുള്ള ശ്രീനിവാസ റെഡ്ഡിയെയും സുഹൃത്തുക്കളെയും ഇക്കാര്യം അറിയിച്ച് ചെന്നുകാണുന്നത്.
2000 രൂപയുടെ നോട്ടുകള്‍ ഉടന്‍ തന്നെ അസാധുവാകുമെന്നും എന്നാല്‍ ഞങ്ങളുടെ കൈവശം ഒട്ടനവധി നോട്ടുകളുണ്ടെന്നും ഇവര്‍ ശ്രീനിവാസ റെഡ്ഡിയെയും സുഹൃത്തുക്കളെയും അറിയിച്ചു. ഇവ 500 രൂപ നോട്ടുകളാക്കി മാറ്റി നല്‍കിയാല്‍ 15 ശതമാനം കമ്മിഷന്‍ നല്‍കാമെന്നും ഇവര്‍ അറിയിച്ചു.
തേടിയെത്തി വലയില്‍ വീണു: ഇത് പ്രകാരം ശ്രീനിവാസ റെഡ്ഡിയും സുഹൃത്തുക്കളും റൈത്തുനഗരം ഗ്രാമത്തില്‍ 2.20 കോടി രൂപയുടെ 500 രൂപ നോട്ടുകളുമായെത്തി. പണം സംഘത്തിന് കൈമാറുകയും ചെയ്‌തു. എന്നാല്‍ ഇത് സ്വീകരിച്ച തട്ടിപ്പ് സംഘം ഇതുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്നാണ് ശ്രീനിവാസ റെഡ്ഡി റൂറല്‍ പൊലീസില്‍ പരാതി നല്‍കുന്നത്.
പരാതിയിന്മേല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, എസ്‌പി രഘുവീർ റെഡ്ഡി, അഡീഷണൽ എസ്‌പി വെങ്കിട്‌രാമുഡു എന്നിവരുടെ നിർദേശപ്രകാരം നന്ദ്യാല ഡിഎസ്‌പി മഹേശ്വര റെഡ്ഡി, റൂറൽ സിഐ ദസ്‌തഗിരി ബാബു, സിഐ രവീന്ദ്ര, റൂറൽ എസ്ഐ രാംമോഹൻ റെഡ്ഡി, ടൗൺ എസ്ഐ ബാബു എന്നിവരടങ്ങിയ രണ്ടു പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു.
പ്രതികള്‍ പിടിയിലാകുന്നു:ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെ ബുധനാഴ്‌ച (06.09.2023) വൈകുന്നേരത്തോടെയാണ് പ്രതികളായ സോഭന്‍ ബാബുവിനെയും ചിന്നബാബുവിനെയും വിശാഖപട്ടണം മാധവധാരയിസെ കുഞ്ചുമംബാഗുഡി തെരുവില്‍ കണ്ടെത്തുന്നതും അറസ്‌റ്റ് ചെയ്യുന്നതും. ഇവരില്‍ നിന്ന് 70 ലക്ഷം രൂപയുടെ 500 രൂപ നോട്ടുകള്‍ കണ്ടെടുത്തു. കേസിലെ മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
Also Read:VIDEO : വിവാഹത്തിനിടെ നോട്ടുമഴ, പറന്നുവീണത് 10 മുതൽ 500ന്‍റേത് വരെ ; പണം വാരാൻ ഓടിക്കൂടി നാട്ടുകാർ
സ്‌കാനര്‍ ഉപയോഗിച്ച് കള്ളനോട്ടടി: അടുത്തിടെ ലഖ്‌നൗ യൂട്യൂബ് വീഡിയോകള്‍ നോക്കി പഠിച്ച് കള്ളനോട്ട് അടിച്ച യുവാക്കള്‍ ഉത്തര്‍പ്രദേശില്‍ പിടിയിലായിരുന്നു. റായ്‌ബറേലി സ്വദേശികളായ പിയൂഷ് വര്‍മ, വിശാല്‍ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. 99,500 രൂപയും നോട്ടടിക്കാന്‍ ഉപയോഗിച്ച പ്രിന്‍ററും സ്‌കാനറും യുവാക്കളില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്‌തിരുന്നു.
ലാല്‍ഗഞ്ച് മേഖലയിലെ ബല്‍ഹേശ്വര്‍ ശിവക്ഷേത്രത്തില്‍ നടന്ന മേളക്കിടെ കച്ചവട സ്റ്റാളുകളിലെത്തിയ യുവാക്കള്‍ കള്ളനോട്ട് നല്‍കിയതാണ് പിടിക്കപ്പെടാന്‍ ഇടയാക്കിയത്. ഇരുവരും കള്ളനോട്ട് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചതോടെ നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് അറസ്റ്റിലായ ഇരുവരും സുഹൃത്തുക്കളാണെന്നും യൂട്യൂബ് നോക്കിയാണ് കള്ളനോട്ടടി പഠിച്ചതെന്നും ഇവര്‍ പൊലീസിനോട് അറിയിച്ചത്. യൂട്യൂബ് നോക്കി നോട്ടടിക്കാന്‍ പഠിച്ച ഇരുവരും പ്രിന്‍ററും സ്‌കാനറും ഉപയോഗിച്ച് വീട്ടില്‍ തന്നെ അച്ചടി തുടങ്ങുകയായിരുന്നു.