ലഖ്‌നൗ: ഗുണ്ട- രാഷ്‌ട്രീയ നേതാവ് അതിഖ് അഹമ്മദിന്‍റെ അഭിഭാഷകന്‍ ദയാശങ്കര്‍ മിശ്രയുടെ വസതിക്ക് സമീപം ബോംബ് എറിഞ്ഞതായി പൊലീസ്. പ്രയാഗ്‌രാജിലെ കത്രയിലെ വസതിക്ക് സമീപം ഉച്ചയ്‌ക്ക് 2.30 ഓടെയാണ് സംഭവം. ആളപായമില്ലെന്നും പൊലീസ് അറിയിച്ചു.
മൂന്ന് ബോംബുകളാണ് എറിഞ്ഞത്. ഫോറൻസിക് വിദഗ്‌ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വിഷയത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടന്ന് പൊലീസ് അറിയിച്ചു. അതേസമയം ദയാശങ്കറിനെ ലക്ഷ്യം വച്ചിട്ടുള്ള ബോംബ് ആക്രമണമല്ല ഇതെന്നും സംഭവത്തില്‍ ഭയവും ഭീതിയും സൃഷ്‌ടിക്കാനുള്ള ശ്രമമാണിതെന്നും പൊലീസ് പറഞ്ഞു.
'വീടിന് സമീപം ബോംബ് എറിഞ്ഞുവെന്ന് മകന്‍ തന്നെ വിളിച്ച് അറിയിച്ചപ്പോള്‍ താന്‍ കോടതിയിലായിരുന്നെന്നും ഉടന്‍ വീട്ടിലെത്തുകയായിരുന്നെന്നും' ദയാശങ്കര്‍ പറഞ്ഞു. എന്നെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണിതെന്നും ഇത് വലിയ ഗൂഢാലോചനയാണെന്നും ഇതിന് പിന്നില്‍ ആരാണെന്ന് പൊലീസ് കണ്ടുപിടിക്കണമെന്നും മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.
അതിഖിനും അഷ്‌റഫിനും നേരെയുള്ള വെടിയുതിര്‍ക്കല്‍: ഏപ്രില്‍ 15ന് വൈകുന്നേരമാണ് അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും വെടിയേറ്റ് മരിച്ചത്. ഉമേഷ് പാല്‍ വധക്കേസില്‍ സബര്‍മതി ജയില്‍ കഴിഞ്ഞിരുന്ന അതിഖിനെയും സഹോദരന്‍ അഷ്‌റഫിനെയും മെഡിക്കല്‍ ചെക്കപ്പിനായി കൊണ്ടു പോകുന്നതിനിടെ പ്രയാഗ്‌രാജില്‍ വച്ചാണ് വെടിയേറ്റത്. മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേനയെത്തിയാളാണ് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്തത്.
തലയ്‌ക്ക് വെടിയേറ്റ ഇരുവരും തല്‍ക്ഷണം മരിച്ചു. അതിഖ് അഹമ്മദിന്‍റെ മകന്‍ അസദ് അഹമ്മദും കൂട്ടാളി ഗുലാം മുഹമ്മദും ഉത്തര്‍പ്രദേശ് പൊലീസ് ടാസ്‌ക് ഫോഴ്‌സിന്‍റെ വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും കൊലപാതകം. മകന്‍ അസദിന്‍റെ അന്ത്യകര്‍മ്മങ്ങളില്‍ പോലും അതിഖിനെ പങ്കെടുക്കാന്‍ അനുവദിച്ചില്ല. മകന്‍റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അതിഖ് കോടതിയുടെ അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല.
ഉമേഷ്‌പാല്‍ വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനായി സബര്‍മതി ജയിലില്‍ നിന്ന് അതിഖ് അഹമ്മദിനെ പ്രയാഗ്‌രാജിലേക്ക് മാറ്റിയിരുന്നു. സബര്‍മതിയില്‍ നിന്ന് പ്രയാഗ് രാജിലേക്ക് അതിഖിനെ മാറ്റുന്നതിനിടെയാണ് മകന്‍ അസദ് അഹമ്മദ് ഝാന്‍സിയില്‍ വച്ച് കൊല്ലപ്പെട്ടത്. അതിഖിനെ പ്രയാഗ്‌രാജിലേക്ക് മാറ്റുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥരുമായി സംഘര്‍ഷം നടത്താന്‍ അസദ് അഹമ്മദും കൂട്ടാളി ഗുലാം മുഹമ്മദും പദ്ധതിയിട്ടിരുന്നു. ഇതേ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു.
അതിഖിന്‍റെ അഞ്ച് മക്കളും വിവിധ ജയിലുകളില്‍ തടവില്‍ കഴിയുകയാണ്. ബിഎസ്‌പി എംഎല്‍എ രാജു പാല്‍ വധക്കേസിലെ മുഖ്യ സാക്ഷിയായ ഉമേഷ് പാലിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് അതിഖ് അഹമ്മദും കൂട്ടാളികളും കൊലപ്പെടുത്തിയത്.
അതിഖിന്‍റെ സാമ്രാജ്യം തകര്‍ത്ത തിരിച്ചടികളുടെ തുടക്കം:2005 ലെ ബിഎസ്‌പി എംഎല്‍എ രാജു പാല്‍ വധക്കേസില്‍ പ്രതിയായതോടെയാണ് അതിഖ് അഹമ്മദിന്‍റെ ജീവിതത്തില്‍ തിരിച്ചടികള്‍ നേരിട്ട് തുടങ്ങിയത്. അലഹബാദ് വെസ്‌റ്റില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിന് പിന്നാലെയായിരുന്നു രാജുപാലിന്‍റെ കൊലപാതകം. തെരഞ്ഞെടുപ്പില്‍ അതിഖിന്‍റെ സഹോദരന്‍ ഹസീമിന്‍റെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്നു രാജു പാല്‍.
ജനങ്ങളെ മുഴുവന്‍ ഞെട്ടിച്ച രാജു പാലിന്‍റെ മരണത്തില്‍ വൈകാതെ തന്നെ അതിഖ് അറസ്റ്റിലായി. തുടര്‍ന്ന് 2008ല്‍ അതിഖ് കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ജാമ്യത്തിലിറങ്ങിയെങ്കിലും തന്‍റെ പ്രവര്‍ത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അതിഖിനായില്ല. ഇതേ തുടര്‍ന്ന് അതിഖിനെയും സഹോദരന്‍ അഷ്‌റഫിനെയും ലക്ഷ്യം വച്ച പൊലീസിന് മുന്നില്‍ പിന്നീട് ഇരുവരും കീഴടങ്ങുകയായിരുന്നു.