പട്‌ന: ബിഹാറിലെ നളന്ത ജില്ലയിലെ ബിഹാര്‍ഷെരീഫ് പഹര്‍പുര പ്രദേശത്തെ വീടിനുള്ളില്‍ സ്‌ഫോടനം. സ്‌ഫോടനത്തെ തുടര്‍ന്ന് വീടിനുള്ളില്‍ നിന്ന് കനത്ത പുക ഉയര്‍ന്നിരുന്നു. ക്രൂഡ് ബോംബ് നിര്‍മിക്കവെ സ്‌ഫോടനമുണ്ടായതാണെന്നും നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന ചിലര്‍ പരിക്കുകളോടെ രക്ഷപെട്ടുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.
'സ്‌ഫോടനത്തിന്‍റെ വലിയ ശബ്‌ദം ഞങ്ങള്‍ കേട്ടു. സംഭവം നടന്ന് 15 മുതല്‍ 20 മിനിറ്റിനുള്ളില്‍ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് പരിക്കേറ്റവരെ അവരോടൊപ്പം കൊണ്ടുപോയെന്ന്' പ്രദേശവാസിയായ വിശാല്‍ കുമാര്‍ പറഞ്ഞു.
സ്‌ഫോടനം നടന്നതില്‍ തെളിവില്ലെന്ന് അധികൃതര്‍:അതേസമയം, സംഭവത്തില്‍ വ്യക്തമായ അന്വേഷണം വേണമെന്ന് നളന്ത ജില്ല മജിസ്‌ട്രേറ്റ് ശശാങ്ക് ശുഭാങ്കറും എസ്‌പി അശോക് കുമാറും പറഞ്ഞു. 'സ്ഥലത്ത് സ്‌ഫോടനം നടന്നതായിട്ടുള്ള തെളിവുകളൊന്നും ലഭിച്ചില്ല. കനത്ത പുക ഉയര്‍ന്നിരുന്നു.
'സത്യം മനസിലാക്കുന്നതിനായി ഞങ്ങള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സ്ഫോടനം നടന്നോ ഇല്ലയോ എന്നതിനെക്കുറിച്ച് ഫോറന്‍സിക് വിദഗ്‌ധര്‍ക്ക് മാത്രമെ പറയുവാന്‍ സാധിക്കുകയുള്ളു. ഫോറന്‍സിക് വിദഗ്‌ധര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്താനായി കാത്തിരിക്കുകയാണെന്ന്' എസ് പി അശോക് മിശ്ര പറഞ്ഞു.
'വീടിന്‍റെ നിര്‍മാണ ഘടന താത്‌കാലികമായിരുന്നു. സ്‌ഫോടനത്തില്‍ വീടിന് കേടുപാടുകളൊന്നും സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് വ്യക്തമായിട്ടില്ല. വീടിന്‍റെ മേല്‍ക്കൂരയ്ക്കും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. വീടിനുള്ളില്‍ സ്‌ഫോടനം നടന്നതിനുള്ള തെളിവുകളും ഇല്ല'.
'വീടിന്‍റെ ഭിത്തിയില്‍ കറുപ്പ് നിറത്തിലുള്ള പാടുകളും കണ്ടിട്ടില്ല. പരിശോധനകള്‍ക്ക് ശേഷം ഫോറന്‍സിക് വിദഗ്‌ധര്‍ സ്‌ഫോടനത്തിന്‍റെ യഥാര്‍ഥ കാരണം കണ്ടെത്തുമെന്ന്' ജില്ല മജിസ്‌ട്രേറ്റ് ശശാങ്ക് ശുഭാങ്കര്‍ അറിയിച്ചു.
ശക്തമായ സ്‌ഫോടനത്തില്‍ വീട് തകര്‍ന്ന് മരണം: അതേസമയം, ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിന്‍റെ അവസാനത്തില്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷഹര്‍ നഗരത്തിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ വീട് തകര്‍ന്നുവീണിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് നാല് പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു.
മാത്രമല്ല, സ്‌ഫോടനത്തിന്‍റെ ശബ്‌ദം രണ്ട് കിലോമീറ്റര്‍ അകലെ വരെ കേള്‍ക്കാമായിരുന്നു. അപകട സ്ഥലത്ത് നിന്നുയര്‍ന്ന കനത്ത പുക കണ്ടാണ് ആളുകള്‍ ഓടിയെത്തിയത്. ജനവാസ മേഖലയില്‍ നിന്ന് മാറി പാടത്തിന്‍റെ നടുവിലായി സ്ഥിതി ചെയ്‌തിരുന്ന വീട്ടില്‍ സ്‌ഫോടനമുണ്ടായതിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
സ്‌ഫോടന വിവരമറിഞ്ഞ പൊലീസും ഫയര്‍ ആന്‍റ് റെസ്‌ക്യൂ വിഭാഗവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. പൊലീസ് ഹെല്‍പ് ലൈന്‍ നമ്പരായ 112ല്‍ സ്‌ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തങ്ങളും അഗ്നിശമന സേനയും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയതെന്ന് പൊലീസ് അറിയിച്ചു.
സ്‌ഫോടനത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് ബുലന്ദ്‌ഷഹര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ശ്ലോക് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌ഫോടനത്തിന്‍റെ ആഘാതത്തില്‍ മൃതദേഹങ്ങളുടെ കൈകാലുകള്‍ ചിതറിയ നിലയിലായിരുന്നു. കൂടാതെ അവിടെ വലിയ പ്ലാസ്‌റ്റിക് ഡ്രമ്മുകള്‍ തകര്‍ന്നുള്ള അവശിഷ്‌ടങ്ങളും നിറഞ്ഞിരുന്നു.