അലിഗഡ് :ഉത്തര്‍പ്രദേശിലെ അലിഗഡില്‍ മൊബൈല്‍ ടവറില്‍ കുടുങ്ങിയ കാക്കയെ രക്ഷപ്പെടുത്തിയത് മൂന്ന് ദിവസത്തിന് ശേഷം. ബിജെപി എം പി മനേക ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കാക്കയെ രക്ഷിച്ചത്. ജീവ് ദയ ഫൗണ്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ക്വാര്‍സി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള മൗലാന ആസാദ് നഗറിലെ മൊബൈല്‍ ടവറില്‍ കാക്ക കുടുങ്ങി കിടക്കുന്നതായി അധികൃതരെ വിവരമറിയിച്ചത്.
അഗ്നിരക്ഷാസേനയുടെ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജിനെയും മൊബൈല്‍ ടവര്‍ കമ്പനിയെയും സംഘം വിവരമറിയിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ വകുപ്പുകളൊന്നും രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായിരുന്നില്ല. വിവരമറിഞ്ഞ മനേക ഗാന്ധി സര്‍ക്കാര്‍ അധികൃതരെ വിളിച്ച് കഴിയുന്നത്ര വേഗം കാക്കയെ രക്ഷപ്പെടുത്താന്‍ ഉത്തരവിടുകയായിരുന്നു.
കാക്ക കുടുങ്ങുവാന്‍ കാരണം പട്ടത്തിന്‍റെ ചരട് :എംപിയുടെ നിര്‍ദേശം ലഭിച്ച ശേഷം മാത്രമാണ് അഗ്നിരക്ഷാസേന എത്തി കാക്കയെ രക്ഷപ്പെടുത്തിയത് എന്ന ആക്ഷേപവും ഉണ്ട്. ഏകദേശം ആറ് മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് കാക്കയെ മോചിപ്പിച്ചത്. ഒരു പട്ടത്തിന്‍റെ ചരടില്‍ കാക്കയുടെ ചിറകുകള്‍ കുടുങ്ങിയതാണ് ടവറില്‍ കാക്ക അകപ്പെടുവാന്‍ കാരണമായതും തുടര്‍ന്ന് പറക്കാന്‍ സാധിക്കാതിരുന്നതെന്നും ജീവ് ദയ ഫൗണ്ടേഷന്‍ ഡയറക്‌ടര്‍ ആശ സിസോദിയ അറിയിച്ചു.
അഗ്നിരക്ഷാസേന തുടക്കത്തില്‍ വിഷയം ഗൗരവമായി എടുത്തിരുന്നില്ല. മനേക ഗാന്ധി എം പിയുടെ ഫോണ്‍ കോള്‍ ലഭിച്ച ശേഷമാണ് അവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. മഴയാണ് രക്ഷാപ്രവര്‍ത്തനം നീണ്ടുപോകുവാന്‍ കാരണമായത്. എന്നിരുന്നാലും കാക്കയെ രക്ഷിക്കുവാന്‍ സാധിച്ചുവെന്ന് അവര്‍ പറഞ്ഞു.
കിണറ്റില്‍ വീണ മ്ലാവിനെ രക്ഷിച്ചത് ഏണി ഇറക്കി: അതേസമയം, ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഇടുക്കി ജില്ലയില്‍ കുളത്തിൽ വീണ മ്ലാവിനെ ഏണി ഇറക്കി വനം വകുപ്പ് കരയിലെത്തിച്ചിരുന്നു. 51 റിസർവോയർ വനത്തിൽ നിന്നും എത്തിയ നാല് വയസുള്ള മ്ലാവാണ് മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപമുള്ള കുളത്തിലകപ്പെട്ടിരുന്നത്. ആശുപത്രി അധികൃതർ വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
ആദ്യം വടം ഉപയോഗിച്ച് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ വർക്ക്‌ഷോപ്പിൽ നിന്ന് പത്തടി നീളവും മൂന്നടി വീതിയുമുള്ള ഏണി എത്തിച്ച് കുളത്തിൽ ഇറക്കി മ്ലാവിനെ കരയിൽ എത്തിക്കുകയായിരുന്നു.
മാനിനെ രക്ഷിച്ച് വഴിയാത്രക്കാര്‍:ഇക്കഴിഞ്ഞ ജൂണ്‍ മാസം വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡില്‍ ചെന്നായ്‌ക്കള്‍ വേട്ടയാടാന്‍ ശ്രമിച്ച മാനിനെ വഴിയാത്രക്കാര്‍ രക്ഷിച്ചിരുന്നു. ചാമരാജനഗര്‍ ജില്ലയിലെ ഗുണ്ട്‌ലുപേട്ട്- കേരള ഹൈവേയ്‌ക്ക് അരികിലായാണ് വഴിയരികില്‍ മേയുകയായിരുന്ന സംഭാര്‍ മാനിനെ ചെന്നായകള്‍ കൂട്ടത്തോടെ വേട്ടയാടിയിരുന്നത്. ബന്ദിപ്പൂർ കടുവ സങ്കേതം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് സമീപം കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള റോഡില്‍ വച്ചാണ് ഏഴോളം ചെന്നായകള്‍ സംഭാര്‍ മാനിനെ വിടാതെ ആക്രമിച്ചത്.
തിരക്കേറിയ റോഡായതിനാല്‍ തന്നെ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ വഴിയാത്രക്കാര്‍ വാഹനം നിര്‍ത്തി മൊബൈലില്‍ വീഡിയോ എടുക്കാറാണ് പതിവ്. ഇത്തരത്തില്‍ രംഗരാജു എന്നയാള്‍ ചെന്നായ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഇതിനിടെ ചെന്നായക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ നിസഹായ അവസ്ഥയില്‍ കാണപ്പെട്ട മാനിനെ രക്ഷപ്പെടുത്തുന്നതിനായി യാത്രക്കാരില്‍ ചിലര്‍ വാഹനങ്ങള്‍ നിര്‍ത്തി ശബ്‌ദമുണ്ടാക്കി ചെന്നായകളെ തുരത്താനും ശ്രമിച്ചു. ഇതോടെ മാന്‍പേട കഷ്‌ടിച്ച് രക്ഷപ്പെടുകയായിരുന്നു.