റായ്‌പൂർ: ഡിസംബർ മൂന്നിനാണ് ഛത്തീസ്‌ഗഡ് നിയമസഭ ഫലം പുറത്തുവന്നത്. 90 സീറ്റുകളുള്ള ഛത്തീസ്‌ഗഡില്‍ 72 എംഎൽഎമാരും കോടിപതികളാണെന്ന കണക്കുകളാണ് അതിനു ശേഷം പുറത്തുവരുന്നത്. കഴിഞ്ഞ നിയമസഭയെ അപേക്ഷിച്ച് ഇത്തവണ നാല് കോടിപതികൾ കൂടുതലാണ്.
ആകെയുള്ള 35 കോൺഗ്രസ് എംഎൽഎമാരിൽ 83 ശതമാനവും കോടിപതികളാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ച 43 ബിജെപി എംഎൽഎമാരിൽ 80 ശതമാനവും തങ്ങളുടെ സ്വത്ത് ഒരു കോടിയിലധികം വരുമെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത് തിരഞ്ഞെടുപ്പ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) ഛത്തീസ്ഗഢ് ഇലക്ഷൻ വാച്ചുമാണ്.
ഇത്തവണത്തെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥികളുടെ ശരാശരി ആസ്‌തി 5.25 കോടി രൂപയാണ്. 2018ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇത് 11.63 കോടി രൂപയായിരുന്നു. 33.86 കോടി രൂപയുടെ ആസ്‌തിയുള്ള ബിജെപിയുടെ ഭാവന ബോറയാണ് ഏറ്റവും സമ്പന്നരായ എംഎൽഎമാരുടെ പട്ടികയിൽ ഒന്നാമത്. പണ്ടാരിയയിൽ നിന്നാണ് ബോറ വിജയിച്ചത്.
രണ്ടാം സ്ഥാനത്തുള്ള പടാൻ മണ്ഡലത്തിൽ നിന്ന് വിജയിച്ച മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 33.38 കോടി രൂപയുടെ ആസ്‌തിയുണ്ട്. ബിലാസ്പൂർ നിയമസഭ സീറ്റിൽ നിന്ന് വിജയിച്ച ബിജെപിയുടെ അമർ അഗർവാൾ 27 കോടിയുടെ ആസ്‌തിയുള്ള പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. സജയിൽ നിന്നുള്ള എംഎൽഎയായ ഈശ്വർ സാഹുവാണ് ഏറ്റവും കുറവ് ആസ്‌തിയുള്ളത്. ദന്തേവാഡയിൽ നിന്നുള്ള ബിജെപി എംഎൽഎ ചൈത്രം അത്താമിയാണ് വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത്. 10 ലക്ഷം രൂപ ആസ്‌തിയുള്ള ചന്ദ്രാപൂരിലെ കോൺഗ്രസ് എംഎൽഎ രാംകുമാർ യാദവാണ് മൂന്നാം സ്ഥാനത്ത്.