ന്യൂഡല്‍ഹി : രാഷ്‌ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനർജി ബുധനാഴ്‌ച വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ തെലങ്കാന രാഷ്‌ട്ര സമിതി (ടിആര്‍എസ്) പങ്കെടുക്കില്ല. കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ടിആര്‍എസ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പ്രതിപക്ഷത്തിന്‍റെ പൊതു സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതിനുള്ള യോഗത്തില്‍ ആം ആദ്‌മി പാര്‍ട്ടിയും പങ്കെടുക്കില്ല.
വരാനിരിക്കുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ എഎപി വിഷയം പരിഗണിക്കൂ എന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ മമത ബാനർജി യോഗത്തിന് മുന്നോടിയായി എൻസിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ജൂലൈ 18ന് നടക്കുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്‍റെ ഫലം ജൂലൈ 21ന് പ്രഖ്യാപിക്കും.
യോഗത്തില്‍ പങ്കെടുക്കുന്നവര്‍ :മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, മകനും ജനതാദൾ (എസ്) നേതാവുമായ എച്ച്.ഡി കുമാരസ്വാമി, രാഷ്ട്രീയ ലോക്‌ദള്‍ നേതാവ് ജയന്ത് ചൗധരി, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അധ്യക്ഷ മെഹബൂബ മുഫ്‌തി എന്നിവര്‍ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ഡിഎംകെയെ പ്രതിനിധീകരിച്ച് ടി.ആർ ബാലുവും ശിവസേനയെ പ്രതിനിധീകരിച്ച് സുഭാഷ് ദേശായിയും യോഗത്തിനെത്തും. സമാജ്‌വാദി പാർട്ടിയും നാഷണൽ കോൺഫറൻസും യോഗത്തിൽ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.