ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി ഇന്ധനവിലയും പാചകവാതകവിലയും വർധിപ്പിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താനൊരുങ്ങി സിപിഎം. ഓരോ പ്രദേശങ്ങളിലെയും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഗ്രാമങ്ങളിലും താലൂക്കുകളിലും പ്രതിഷേധം സംഘടിപ്പിക്കാൻ പാർട്ടി കേന്ദ്രകമ്മിറ്റി സംസ്ഥാന ഘടകങ്ങള്‍ക്ക് നിർദേശം നൽകി.
മൂന്ന് ദിവസം നീണ്ടുനിന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിമിനൽ നടപടിയായാണ് ഇന്ധനവില ഉയരുന്നത്. എണ്ണയ്ക്കും, പാചക വാതകത്തിനുമുള്ള വിലവർധനവ് രാജ്യത്ത് പണപ്പെരുപ്പത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
യാത്രാചെലവ് വർധിക്കുന്നതിലൂടെ അവശ്യ വസ്‌തുക്കളുടെയും പച്ചക്കറികളുടെയും വിലവർധനവിന് ഇടയാകുന്നു. വാക്‌സിൻ വാങ്ങാനും കൊവിഡിനെതിരെയുള്ള പേരാട്ടത്തിനുമാണ് ഇന്ധനവില വർധനവിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നതെന്ന് പറയുന്ന കേന്ദ്രസർക്കാർ നിലപാടിനെയും അദ്ദേഹം വിമർശിച്ചു.