ചെന്നൈ : രാജ്യത്തെ പണപ്പെരുപ്പത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. കുതിച്ചുയരുന്ന പണപ്പെരുപ്പം പിടിച്ചുനിർത്താൻ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുപകരം പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കുന്നതിലാണ് കേന്ദ്രസർക്കാർ ലക്ഷ്യം വച്ചിരിക്കുന്നത്. മദ്രാസ് ഫെർട്ടിലൈസേഴ്‌സ്, നാഷണൽ ഫെർട്ടിലൈസേഴ്‌സ് എന്നിവയടക്കം വിവിധ വകുപ്പുകൾക്ക് കീഴിലുള്ള 60 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് സ്വകാര്യവത്കരിക്കാന്‍ നീക്കം നടത്തുന്നത്.
രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും, ഗ്യാന്‍വാപി മറയാക്കി കേന്ദ്രം ജനശ്രദ്ധ തിരിക്കുന്നു : ഡി രാജ - ജ്ഞാനവാപി മസ്‌ജിദ് മറയാക്കി കേന്ദ്ര സര്‍ക്കാര്‍ ജനശ്രദ്ധ തിരിക്കുന്നു എന്ന് ഡി രാജ
ജനങ്ങളുടെ ഉപജീവന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം ബിജെപി സര്‍ക്കാര്‍ വർഗീയ അജണ്ട നടപ്പാക്കുന്നുവെന്ന് ഡി രാജ
രാജ്യത്ത് തൊഴിലില്ലായ്‌മയും ഇന്ധന വിലയും വര്‍ധിക്കുകയാണ്. പണപ്പെരുപ്പം ജനങ്ങളെ വലയ്ക്കുന്നു. സമ്പദ്‌വ്യവസ്ഥ സ്‌തംഭനാവസ്ഥയിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 77.61 ലേക്കെത്തി - രാജ പറഞ്ഞു. ജനങ്ങളുടെ ഉപജീവന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം വർഗീയ അജണ്ട നടപ്പാക്കി ഗ്യാന്‍വാപി മസ്‌ജിദ് കേസുകൊണ്ട് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്.
ബിജെപിയെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കാൻ എല്ലാ മതേതര ജനാധിപത്യ ശക്തികളോടും ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു. രാജ്യത്തിന്‍റെ അഭിമാനത്തിനും ഇന്ത്യൻ രൂപയുടെ മൂല്യത്തിനും എന്ത് സംഭവിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കണമെന്നും സിപിഐ നേതാവ് ആവശ്യപ്പെട്ടു. വർധിച്ചുവരുന്ന പണപ്പെരുപ്പത്തിനും തൊഴിലില്ലായ്‌മയ്ക്കും എതിരെ മെയ് 25 മുതൽ ഒരാഴ്‌ചത്തേക്ക് രാജ്യവ്യാപകമായി പ്രതിഷേധത്തിന് ഇടതുപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.