ന്യൂഡൽഹി : ആരോഗ്യ മന്ത്രാലയത്തിന്‍റെ കൊവിൻ (Co-WIN) പോർട്ടൽ പൂർണമായും സുരക്ഷിതമാണെന്നും അതിലെ വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കിയിട്ടുള്ളതാണെന്നും കേന്ദ്രസർക്കാർ. രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ച ഗുണഭോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന വാർത്ത ദുരുദ്ദേശപരമാണെന്നും കേന്ദ്ര സർക്കാർ അവകാശപ്പെട്ടു. കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ച ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഈ റിപ്പോർട്ടുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കൊവിൻ പോർട്ടലിന്‍റെ സുരക്ഷയാണ് ചോദ്യം ചെയ്യുന്നത്. വാക്‌സിനേഷനെടുത്ത വ്യക്തികളുടെ വിവരങ്ങൾ ടെലഗ്രാം (ഓൺലൈൻ മെസഞ്ചർ ആപ്ലിക്കേഷൻ) ബോട്ട് (bot) ഉപയോഗിച്ച് ചോർത്തിയെടുക്കുന്നുവെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ പോസ്‌റ്റുകള്‍ പ്രചരിച്ചിരുന്നു. ഗുണഭോക്താവിന്‍റെ മൊബൈൽ നമ്പറോ ആധാർ നമ്പറോ ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങൾ ചോർത്താമെന്നാണ് ഈ റിപ്പോർട്ടുകളിൽ പറയുന്നത്.
റിപ്പോർട്ടുകൾ ദുരുദ്ദേശത്തോടെയുള്ളത് : എന്നാൽ ഇത്തരം റിപ്പോർട്ടുകളെല്ലാം യാതൊരു അടിസ്ഥാനവുമില്ലാത്തതും ദുരുദ്ദേശ സ്വഭാവമുള്ളതുമാണെന്ന് കേന്ദ്രസർക്കാർ പ്രസ്‌താവനയില്‍ വ്യക്തമാക്കി. ഒടിപി മുഖേന മാത്രമേ കൊവിൻ പോർട്ടലിലെ വ്യക്തിഗത വിവരങ്ങളിലേയ്‌ക്ക് ആക്‌സസ് ലഭിക്കുകയുള്ളൂ. നിലവിൽ പോർട്ടലിന് മതിയായ എല്ലാ സുരക്ഷ ക്രമീകരണങ്ങളും നൽകിയിട്ടുണ്ടെന്നും പ്രസ്‌താവനയിൽ പറയുന്നു.
കൊവിൻ പോർട്ടൽ വികസിപ്പിച്ചതും നിയന്ത്രിക്കുന്നതും എംഒഎച്ച്‌എഫ്‌ഡബ്ല്യു (MoHFW) ആണ്. ഈ പോർട്ടലുമായി ബന്ധപ്പെട്ട നയപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിനായി ഒരു എംപവേർഡ് ഗ്രൂപ്പ് ഓൺ വാക്‌സിൻ അഡ്‌മിനിസ്ട്രേഷനും (EGVAC) രൂപീകരിച്ചിട്ടുണ്ട്. നാഷണൽ ഹെൽത്ത് അതോറിറ്റി മുൻ സിഇഒ (എൻഎച്ച്‌എ)ആണ് ഇജിവിഎസിയിലുള്ളത്.