ന്യൂഡൽഹി:കേരളമുൾപ്പെടെ കൊവിഡ് രോഗികൾ വൻതോതിൽ വർധിക്കുന്ന ആറ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസർക്കാർ ആരോഗ്യവിദഗ്‌ധരുടെ പ്രത്യേക സംഘത്തെ അയച്ചു. കേരളത്തിന് പുറമേ അരുണാചൽ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്‌ഗഢ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലേക്കാണ് ആരോഗ്യപ്രവർത്തകരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
രണ്ടംഗങ്ങളടങ്ങിയ ഉന്നതതല ടീമിൽ ഒരു ക്ലിനിക്കും പൊതുജനാരോഗ്യ വിദഗ്‌ധനും ഉൾപ്പെടുന്നു. സംസ്ഥാനസർക്കാരുകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പഠനം നടത്തിയ ശേഷം സർക്കാരുകളുടെ തുടർപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സംഘം സഹായിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗികളുടെ പരിശോധന, ആശുപത്രി കിടക്കകൾ, ആംബുലൻസുകൾ, വെന്‍റിലേറ്ററുകൾ, മെഡിക്കൽ ഓക്സിജൻ മുതലായവയുടെ ലഭ്യത, ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, വാക്‌സിനേഷൻ പുരോഗതി മുതലായ കാര്യങ്ങളും കേന്ദ്രത്തിന്‍റെ പ്രത്യേകസംഘം പരിശോധിക്കും. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം പരിഹാര നടപടികൾ നിർദേശിക്കും.
Also Read:COVID 19: രാജ്യത്തെ രോഗ നിരക്ക് താഴേക്ക്; മരണ സംഖ്യയിലും ആശ്വാസം
രാജ്യത്തെ മുഴുവൻ കൊവിഡ് കേസുകളുടെ നിരക്ക് താഴുന്നുണ്ടെങ്കിലും കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ രോഗികൾ കുറയാതെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 46,617 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണനിരക്കിലും നേരിയ കുറവ് രേഖപ്പെടുത്തി. 853 മരണമാണ് വെള്ളിയാഴ്‌ച റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,04,58,251 ആയി. 59,384 പേർ കൂടി കൊവിഡ് മുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 2,95,48,302 ആയി ഉയർന്നതായും മന്ത്രാലയം അറിയിച്ചു.