ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ റഷ്യൻ നിർമിത കൊവിഡ് വാക്സിനായ സ്പുട്നിക്-വിയുടെ രണ്ട് ഡോസുകളും കിട്ടാനില്ലെന്ന് ആശുപത്രി അധികൃതർ. വാക്സിൻ എപ്പോൾ ലഭ്യമാകുമെന്നതിനെ കുറച്ച് തങ്ങൾക്ക് വ്യക്തതയില്ലെന്ന് അപ്പോളോ ആശുപത്രി വക്താവ് അറിയിച്ചു.
ജൂൺ 25നകം വാക്സിൻ നൽകുന്നത് ആരംഭിക്കുമെന്ന് നേരത്തെ അപ്പോളോ ആശുപത്രി അറിയിച്ചിരുന്നു. എന്നാൽ വാക്സിൻ ഇതുവരെ ലഭ്യമായിട്ടില്ല. രാജ്യത്ത് വാക്‌സിൻ മാർക്കറ്റിങില്‍ പങ്കാളിയായ, ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസിൽ നിന്ന് ഇതുവരെ സ്പുട്‌നിക്-വി ലഭ്യമായിട്ടില്ലെന്ന് മധുകർ റെയിൻബോ ചിൽഡ്രൻസ് ആശുപത്രി ഉദ്യോഗസ്ഥനും അറിയിച്ചു.
വിതരണക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന കാലതാമസത്തിനുള്ള കാരണം അവർ ഇതുവരെ അറിയിച്ചിട്ടില്ലെന്നും രണ്ട് ഡോസുകളും ഒരുമിച്ച് വിതരണം ചെയ്യുന്നതിനാലാകാം ഈ കാലതാമസമെന്നും ആശുപത്രി ഉദ്യോഗസ്ഥൻ പറഞ്ഞു.