ന്യൂഡൽഹി: വാക്‌സിൻ വിതരണം ആരംഭിച്ച് 26 ദിവത്തിനുള്ളിൽ രാജ്യത്ത് 70 ലക്ഷത്തിലധികം പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ വാക്‌സിൻ കുത്തിവയ്പ്പ് നടന്ന രാജ്യം ഇന്ത്യയാണെന്നും മന്ത്രാലയം അറിയിച്ചു. വാക്‌സിനേഷന്‍റെ എണ്ണത്തിൽ യുഎസും യുകെയുമാണ് ഇന്ത്യയ്ക്ക് പിന്നിൽ. 70 ലക്ഷം പേർക്ക് വാക്‌സിൻ കുത്തിവെക്കാൻ യുഎസ് 27 ദിവസവും യുകെ 48 ദിവസവുമാണ് എടുത്തത്. ഇന്ന് രാവിലെ എട്ട് മണിവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 70,17,114 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇന്നലെ മാത്രം 4,05,349 പേരാണ് രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത്. അതിൽ 94,890 പേർ ആരോഗ്യ പ്രവർത്തകരും 3,10,459 പേർ മുൻനിര പ്രവർത്തകരുമാണ്.
കൊവിഡ്: ഇന്ത്യയിൽ 70 ലക്ഷത്തിലധികം പേർ വാക്‌സിൻ സ്വീകരിച്ചു - വാക്‌സിൻ വിതരണം
ഇന്ന് രാവിലെ എട്ട് മണിവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 70,17,114 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ വാക്‌സിൻ കുത്തിവയ്പ്പ് നടന്ന രാജ്യം ഇന്ത്യയാണെന്നും മന്ത്രാലയം അറിയിച്ചു.
13 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്‌ത 65 ശതമാനം ആരോഗ്യ പ്രവർത്തകരും വാക്‌സിൻ സ്വീകരിച്ചു. ഏഴ് സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്‌തതിൽ 40 ശതമാനത്തിൽ താഴെ ആരോഗ്യപ്രവർത്തകർ മാത്രമാണ് വാക്‌സിൻ സ്വീകരിച്ചത്. ബിഹാറില്‍ രജിസ്റ്റർ ചെയ്‌ത 75 ശതമാനം ആരോഗ്യപ്രവർത്തകരും വാക്‌സിൻ സ്വീകരിച്ചു . 17.5 ശതമാനം പേർ മാത്രം വാക്‌സിൻ സ്വീകരിച്ച പുതുച്ചേരിയാണ് ഏറ്റവും പിന്നിൽ. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു കൊവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാത്ത 17 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളുണ്ടെന്നും മന്ത്രാലയം അറിയിച്ചു. തെലങ്കാന, ഗുജറാത്ത്, അസം, ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ്, മേഘാലയ, നാഗാലാൻഡ്, സിക്കിം, മണിപ്പൂർ, മിസോറം, ത്രിപുര, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകൾ(യുടി) ലക്ഷദ്വീപ്, ലഡാക്ക് , ദാമന്‍ & ദിയു, ദാദർ& നാഗർ ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഒരു കൊവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാത്തത്.
നിലവിൽ രാജ്യത്ത് 1,42,562 സജീവ കൊവിഡ് രോഗികളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 12,923 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 11,764 പേർ രോഗമുക്തരായി. ദശലക്ഷത്തിന് 104 പേർ എന്നതാണ് ഇന്ത്യയിലെ കൊവിഡ് രോഗികളുടെ അനുപാതം. ആകെ റിപ്പോർട്ട് ചെയ്‌ത രോഗികളുടെ 1.31 ശതമാനം മാത്രമാണ് നിലവിലെ കൊവിഡ് രോഗികളുടെ എണ്ണം. 97.26 ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്. പുതിയ രോഗികളിൽ 85.11 ശതമാനം രോഗികളും ആറു സംസ്ഥാനങ്ങളിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്‌തതും രോഗമുക്തി നേടിയതും കേരളത്തിലാണ്. 5980 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോൾ 5,745 പേരാണ് കേരളത്തിൽ രോഗമുക്തി നേടിയത്.