ന്യൂയോര്‍ക്ക്:2019 ഡിസംബറില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്‌ത് പിന്നീട് ലോക രാജ്യങ്ങളും അഭിമുഖീകരിച്ച ഒരു വലിയ പ്രശ്‌നമായിരുന്നു കൊവിഡ് മഹാമാരിയെന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ടും കൊവിഡിനെ പൂര്‍ണമായും തുടച്ച് മാറ്റുന്നതിനുള്ള മാര്‍ഗങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ഇപ്പോഴും വിവിധയിടങ്ങളില്‍ കൊവിഡ് പടരുന്നുണ്ട്.
ഒരു തവണയെങ്കിലും കൊവിഡ് വരാത്തവര്‍ കുറവാണെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. കൊവിഡ് ബാധിച്ച ഒരാളില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. കൊവിഡ് മഹാമാരിക്കാലത്ത് പ്രതിരോധത്തിനായി ലോക്‌ഡൗണും കര്‍ഫ്യൂവുമെല്ലാം പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ മുഴുവന്‍ ആളുകളും സ്വന്തം വീടുകളില്‍ രാപ്പകലുകള്‍ ചെലവഴിക്കേണ്ടി വന്നു. വീട്ടിലിരിക്കുമ്പോള്‍ സ്വാഭാവികമായും എല്ലാവരുടെയും ഭക്ഷണ ശീലത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കും. കൃത്യ സമയത്ത് ഭക്ഷണം കഴിക്കും. മാത്രമല്ല ഇടവേളകളില്‍ എപ്പോഴും വല്ലതും തിന്നും കുടിച്ചുമെല്ലാം സമയം ചെലവഴിക്കും. ഭക്ഷണ ശീലത്തിലുണ്ടായ മാറ്റം കൊവിഡ് കാലത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നുള്ള പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്.
കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരിലാണ് കൂടുതല്‍ പ്രമേഹ രോഗികള്‍ ഉള്ളതെന്ന് പഠനങ്ങള്‍ പറയുന്നു. ടൈപ്പ് 2 പ്രമേഹമാണ് മിക്കവരിലും കണ്ടെത്തിയിട്ടുള്ളത്. (ടൈപ്പ് 2 പ്രമേഹം-ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കുന്നതിലുണ്ടാകുന്ന തകരാര്‍ മൂലമുള്ള പ്രമേഹമാണ് ടൈപ്പ് 2 എന്നത്. )
കൊവിഡ് കാലം കൂടുതല്‍ ഗര്‍ഭിണികളെ പ്രമേഹ രോഗികളാക്കിയെന്ന് യുഎസിലെ ഇല്ലിനോയിസിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2023ല്‍ തന്നെ നടത്തിയ മറ്റൊരു പഠനത്തില്‍ കുട്ടികളില്‍ നിരവധി പേര്‍ക്ക് പ്രമേഹം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് കാലത്ത് സ്‌കൂളുകള്‍ അടക്കം അടച്ച് പൂട്ടിയതാണ് പ്രമേഹത്തിന് കാരണമെന്ന് പഠനങ്ങള്‍ പറയുന്നു.
വീട്ടില്‍ തന്നെയിരിക്കുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ തവണ ഭക്ഷണം കഴിക്കുന്നു, ഇതാണ് പ്രമേഹത്തിനും അമിത വണ്ണത്തിനും കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌ത്രീകളിലും കുട്ടികളിലും ഉള്ളത് പോലെ ചെറിയ ശതമാനം യുവാക്കളിലും പ്രമേഹം ഉണ്ടായിട്ടുണ്ട്. എന്നാല്‍ വീടുകളില്‍ അടച്ചിരുന്നു അമിതമായി ഭക്ഷണം കഴിച്ച് കൊണ്ട് മാത്രമാണ് പ്രമേഹം അധികരിച്ചതെന്ന് പൂര്‍ണമായും പറയാനാകില്ലെന്നും വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടത് ആവശ്യമുണ്ടെന്നും വിദഗ്‌ധര്‍ പറയുന്നു.
എന്താണ് പ്രമേഹം: രക്തത്തിന്‍റെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍. ശരീരത്തിലേക്ക് ആവശ്യമുള്ള ഈ ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കുന്നത് പാന്‍ക്രിയാസ് എന്ന ഗ്രന്ഥിയാണ്. ജീവിത ശൈലി, ഭക്ഷണ ക്രമം തുടങ്ങിയവയിലുണ്ടാകുന്ന ചില മാറ്റങ്ങള്‍ കാരണം ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ ഗ്രന്ഥി ഉത്‌പാദിപ്പിക്കാതിരിക്കുകയോ അവയെ ശരിയായ രീതിയില്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.
കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ ഈ അവസ്ഥയുണ്ടാകാറുണ്ട്. ഇന്ന് പ്രമേഹമെന്നത് സര്‍വ സാധാരണയായി കണ്ടുവരുന്ന ഒരു ജീവിത ശൈലി രോഗമാണ്. എന്നാല്‍ ഇത് പലപ്പോഴും അപകടകരമാകാറുണ്ട്. മരണം വരെ സംഭവിക്കാന്‍ ഇടയാക്കുന്ന ഒന്നാണ് പ്രമേഹം എന്നത്.
പ്രമേഹത്തിന്‍റെ ലക്ഷണങ്ങള്‍:
- അമിതമായ വിശപ്പ് അല്ലെങ്കില്‍ ദാഹം
- ഇടയ്‌ക്കിടയ്‌ക്ക് മൂത്രമൊഴിക്കല്‍
- അമിത വിയര്‍പ്പ്
- ക്ഷീണം
- ദേഷ്യം
- കണ്ണിന്‍റെ കാഴ്‌ച മങ്ങല്‍
- ത്വക്കിലുണ്ടാകുന്ന അണുബാധ
- ശരീരത്തില്‍ ചുളിവുകള്‍ ഉണ്ടാകുക തുടങ്ങി ലക്ഷണങ്ങളാണ് പ്രമേഹ രോഗികളിലുണ്ടാകുക.
ഉടനടി ചികിത്സ തേടുക:പ്രമേഹ രോഗത്തിന്‍റെ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടണമെന്ന് എൻഡോക്രൈനോളജി വിദഗ്‌ധനായ എസ്‌തര്‍ ബെല്‍ പറഞ്ഞു. കൊവിഡ് കാലത്തിന് മുമ്പും ശേഷവും നടത്തിയ പഠനങ്ങളിലാണ് പ്രമേഹ രോഗികളുടെ എണ്ണത്തിലുണ്ടായ മാറ്റങ്ങള്‍ കണ്ടെത്താനായതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന് മുമ്പ് 21 ശതമാനം ഗര്‍ഭിണികളിലാണ് പ്രമേഹം കണ്ടെത്തിയിരുന്നത്. എന്നാല്‍ കൊവിഡിന് ശേഷം നടത്തിയ പരിശോധനയില്‍ അത് 25 ശതമാനം ഉയര്‍ന്നതായും കണ്ടെത്തിയെന്ന് എസ്‌തര്‍ ബെല്‍ കൂട്ടിച്ചേര്‍ത്തു.