ന്യൂഡൽഹി : ബയോളജിക്കൽ ഇ ലിമിറ്റഡിന്‍റെ കൊവിഡ് വാക്‌സിനായ കോർബെവാക്‌സിന് 12 മുതൽ 18 വരെ പ്രായമുള്ളവരിൽ നിയന്ത്രിത അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. നിബന്ധനകൾക്ക് വിധേയമായാണ് കോർബെവാക്‌സിന് അനുമതി നൽകിയിട്ടുള്ളത്.
എന്നാൽ 15 വയസിൽ താഴെയുള്ളവർക്ക് വാക്‌സിനേഷൻ നൽകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. 15 വയസിൽ താഴെയുള്ളവർക്ക് വാക്‌സിനേഷൻ നൽകുന്നതിന്‍റെ ആവശ്യകത നിരന്തരം പരിശോധിച്ച് വരികയാണെന്ന് അടുത്തിടെ ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു.
കോർബെവാക്‌സിന് നിയന്ത്രിത അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്‍റെ വിദഗ്‌ധ സമിതി ഫെബ്രുവരി 14ന് ശിപാർശ ചെയ്‌തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോർബെവാക്‌സിന് അനുമതി നൽകിയിരിക്കുന്നത്.
തദ്ദേശീയമായി വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ആർബിഡി പ്രോട്ടീൻ സബ്-യൂണിറ്റ് വാക്‌സിനാണ് കോർബെവാക്‌സ്. കോർബെവാക്‌സിന്‍റെ മുതിർന്നവരിലെ ഉപയോഗത്തിന് ഡിസംബർ 28ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകിയിരുന്നു. എന്നാൽ രാജ്യത്തെ വാക്‌സിനേഷൻ ഡ്രൈവിൽ ഇതുവരെ കോർബെവാക്‌സ് ഉൾപ്പെടുത്തിയിട്ടില്ല.
Also Read: പറഞ്ഞത് കുട്ടി ശരീരത്തില്‍ മുറിവുണ്ടാക്കുന്ന സ്വഭാവക്കാരിയെന്ന് ; രണ്ടുവയസുകാരിയുടെ നില ഗുരുതരം ; കേസെടുത്ത് പൊലീസ്
സെപ്റ്റംബറിൽ 5 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്കും കൗമാരക്കാർക്കും ഇടയിൽ കോർബെവാക്‌സിന്റെ രണ്ടാം ഘട്ട ക്ലിനിക്കൽ പഠനം നടത്തുന്നതിന് സ്ഥാപനത്തിന് അനുമതി ലഭിച്ചതായി ഫെബ്രുവരി 9ന് ഡിസിജിഐക്ക് അപേക്ഷയിൽ ബയോളജിക്കൽ ഇ ലിമിറ്റഡ് വ്യക്തമാക്കിയിരുന്നു. തുടർന്ന് 2021 ഒക്ടോബറിൽ ക്ലിനിക്കൽ പഠനം ആരംഭിക്കുകയും വാക്‌സിൻ സുരക്ഷിതവും പ്രതിരോധശേഷിയുള്ളതുമാണെന്ന് വിലയിരുത്തുകയുമുണ്ടായി.
മാംസപേശികളിലേക്ക് നേരിട്ട് കുത്തിവയ്ക്കുന്ന കോർബെവാക്‌സിന്‍റെ രണ്ട് ഡോസുകൾ 28 ദിവസത്തെ ഇടവേളയിലാണ് നൽകുന്നത്. രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് വാക്‌സിൻ സംഭരിക്കുന്നത്.