ജയ്‌പൂർ:സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പുതിയ കൊവിഡ് മാർഗരേഖ പുറത്തിറക്കി രാജസ്ഥാൻ സർക്കാർ. പുതിയ മാർഗരേഖയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് വെള്ളിയാഴ്‌ച മുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തും. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യു.
ഇതര സംസ്ഥാനത്ത് നിന്ന് രാജസ്ഥാനിലേക്ക് എത്തുന്നവര്‍ 72 മണിക്കൂറിന് മുമ്പുള്ള ആര്‍ടിപിസിആര്‍ പരിശോധന ഫലം കൈയില്‍ കരുതണം. ഇരു ഡോസ് വാക്സിൻ സ്വീകരിച്ചവര്‍ക്ക് ഇളവുണ്ട്. ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവര്‍ അതിന്‍റെ രേഖയും കൈയില്‍ കരുതണം.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജയ്‌പൂർ, ജോധ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് ജനുവരി 7 മുതൽ 17 വരെ അവധി നൽകാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ കലക്‌ടർമാരും ജില്ല മജിസ്ട്രേറ്റും വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയ ശേഷം സ്‌കൂൾ നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കും.