ഡെറാഡൂൺ: കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ റൂർക്കി ഗ്രാമത്തിൽ കുറഞ്ഞത് 30-35 പേർ കൊവിഡ് ലക്ഷണങ്ങളോടുകൂടി മരിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് പ്രദേശവാസികൾ രംഗത്ത്. ദിവസേന രണ്ടും മൂന്നും പേർ മരിക്കുന്നു. എന്നാൽ തങ്ങൾക്ക് സംസ്ഥാന സർക്കാരിൽ നിന്നും ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഗ്രാമമുഖ്യൻ പറഞ്ഞു.
ഗുരുതരാവസ്ഥയിൽ ആശുപത്രികളിലേക്ക് ചെല്ലുന്ന ഗ്രാമവാസികളോട് അധികൃതർ കൊവിഡ് പരിശോധന റിപ്പോർട്ട് ചോദിക്കുന്നു. എന്നാൽ ഇവിടെ പരിശോധനകൾ നടത്താത്തതിനാൽ അവ നൽകാൻ കഴിയുന്നില്ലെന്നും അതിനാൽ മരണകാരണം നിർണയിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രാമത്തിലെ സ്ഥിതി വളരെ മോശമാണെന്ന് പ്രദേശവാസിയായ സുമിത് കുമാറും പറയുന്നു. കഴിഞ്ഞ ഒരു മാസമായി സ്ഥിതി വളരെ മോശമാണ്. സർക്കാരിന്‍റെ ഭാഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഗ്രാമത്തിലെ ഒരു ആശാ വർക്കറാണ് ആളുകളെ പരിചരിക്കുകയും അവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും ചെയ്യുന്നതെന്നും സുമിത് കൂട്ടിച്ചേർത്തു.
അതേസമയം ഈ കാലയളവിൽ 15-17 പേർ മാത്രമാണ് പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളോടു കൂടി മരിച്ചിട്ടുള്ളുവെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) പുരൺ സിങ് നേഗി അറിയിച്ചു. ഗ്രാമത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കൂടാതെ വാക്‌സിനേഷൻ സ്വീകരിക്കാനും കൊവിഡ് പ്രൊട്ടോക്കോളുകൾ പാലിക്കാനും പ്രാദേശിക ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്നും എസ്‌ഡിഎം കൂട്ടിച്ചേർത്തു.
Also Read:കർഫ്യൂ മെയ് 25 വരെ നീട്ടി ഉത്തരാഖണ്ഡ് സർക്കാർ